റംസാന്‍ കാലത്തും ആരാധനാലയങ്ങളില്‍ നിലവിലെ സ്ഥിതി തുടരാന്‍ ധാരണ

മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പൂര്‍ണ്ണ പിന്തുണയുമായി മത സംഘടനാ നേതാക്കള്‍

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാന്‍ മുസ്ലീം സംഘടനാ നേതാക്കളും മതപണ്ഡിതന്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നമസ്‌കാരത്തിനും ജുമയ്ക്കുമായി നിരവധി പേര്‍ പള്ളിയിലെത്തുന്ന കാലമാണിത്. റംസാന്‍ മാസത്തിലെ ഇഫ്താര്‍, ജുമ, അഞ്ചു നേരത്തെ ജുമ, കഞ്ഞിവിതരണം പോലെയുള്ള ദാനധര്‍മ്മാദി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം വേണ്ടെന്ന് വയ്ക്കും. ഇന്നത്തെ സാഹചര്യത്തില്‍ അതാണ് നല്ലതെന്ന് മതപണ്ഡിതന്‍മാര്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇസ്ലാം പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണമുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി.

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ നിലപാടെടുത്ത മതനേതാക്കളോട് സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിയുന്ന നേതൃനിരയാണ് മതസാമുദായിക സംഘടനകള്‍ക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റാന്‍ ഏകകണ്ഠമായ നിലപാടെടുത്ത അവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നതിന് ഭക്ഷ്യകിറ്റ് നല്‍കുന്നത് റംസാന്‍ കാലത്ത് പതിവാണ്. ഇത്തവണ ഈ കിറ്റ് അര്‍ഹരായവരുടെ വീടുകളിലെത്തിക്കുന്നത് വലിയ പുണ്യപ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്ഥലത്തെ കൂട്ടായ്മ ഒഴിവാക്കി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ എങ്ങനെ നടത്താമെന്ന് ആലോചിക്കേണ്ടതുണ്ട്

.
പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍, അബ്ദുള്ളക്കോയ മ്അദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുള്‍ അസീസ്, ടി.കെ. അഹമ്മദ് കുട്ടി, ഇ. കെ. അഷ്റഫ്, അബ്ദുള്ള ഹാജി, അഡ്വ. എം. താജുദ്ദീന്‍, ആരിഫ് ഹാജി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top