24 വര്‍ഷത്തിന് ശേഷം രജിനികാന്തിനൊപ്പം അഭിനയിക്കാന്‍ രമ്യ

ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം രജിനികാന്തിനൊപ്പം വീണ്ടും സ്‌ക്രീനിലെത്തിയിരിക്കുകയാണ് രമ്യ. ജയിലറിലെ രമ്യയുടെ കഥാപാത്രം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയാണിപ്പോള്‍. നായികയായും സഹനടിയായും വില്ലത്തിയായുമൊക്കെ ഏകദേശം 25 വര്‍ഷത്തിന് മുകളിലായി സിനിമ പ്രേക്ഷകര്‍ കാണുന്ന മുഖമാണ് രമ്യ കൃഷ്ണന്റേത്. ശക്തമേറിയ ഒരുപാട് കഥാപാത്രങ്ങളെ ഇതിനോടകം രമ്യ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്.

പടയപ്പയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയായിരുന്നു ഇരുവരുടേയും കോമ്പോയ്ക്കായി കാത്തിരുന്നത്. ചിത്രത്തില്‍ രജിനിയുടെ ഭാര്യയായാണ് രമ്യയെത്തിയത്. എന്നാല്‍ ജയിലറിലഭിനയിക്കാനായി രമ്യ വാങ്ങിയ പ്രതിഫലമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 80 ലക്ഷം രൂപയാണ് രമ്യ ജയിലറില്‍ അഭിനയിക്കാന്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1999 ല്‍ പുറത്തിറങ്ങിയ പടയപ്പയില്‍ അഭിനയിക്കാന്‍ 12 ലക്ഷമായിരുന്നു രമ്യ പ്രതിഫലം വാങ്ങിയത്. ജയിലറില്‍ അഭിനയിക്കുന്നതിനായി രജിനികാന്ത് 150 കോടി രൂപയും നേടിയെന്നാണ് മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഇതിനോടകം നിരവധി സിനിമകളില്‍ രമ്യ അഭിനയിച്ചു കഴിഞ്ഞു. സാധാരണ നടിമാര്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് വ്യത്യസ്തമായുള്ള വേഷങ്ങളാണ് രമ്യ പൊതുവേ തെരഞ്ഞെടുക്കാറ്. നീലാംബരി, ശിവഗാമി ദേവി തുടങ്ങിയ രമ്യയുടെ കഥാപാത്രങ്ങള്‍ എക്കാലവും സിനിമ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്.

രജിനി സാറിനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാനുള്ള അവസരം എന്തിന്റെ പേരില്‍ താന്‍ നിരസിക്കണമെന്ന് കഴിഞ്ഞ ദിവസം രമ്യ ഒരഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഓരോ സിനിമയും എനിക്ക് ഇപ്പോഴും ഒരു പഠന പ്രക്രിയയാണെന്നും രമ്യ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജയിലറില്‍ അഭിനയിക്കാന്‍ തനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ലെന്നും രമ്യ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top