ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി 12 പേര്‍ മരിച്ചു.
ഹരിയാനയിലെ ഗുരുഗ്രാമില്‍ മഴവെള്ളം നിറഞ്ഞ തടാകത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ഡല്‍ഹി ലാഹോറിഗേറ്റില്‍ വീടു തകര്‍ന്ന് നാല് വയസ്സുകാരി അടക്കം രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ സുന്ദര്‍ഗഡില്‍ ഇടിമിന്നലേറ്റ് രണ്ടുപേരും മരിച്ചു. ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യതലസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും അതിരൂക്ഷമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ലഖ്‌നൗ, നോയിഡ, ഗാസിയാബാദ്, കാണ്‍പൂര്‍, ആഗ്ര എന്നിവിടങ്ങില്‍ സ്‌കൂളുകള്‍ക്ക് യുപി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.




