Section

malabari-logo-mobile

ഖത്തറില്‍ വന്യജീവികളെ കൈവശം വയ്‌ക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്കൊരുങ്ങുന്നു

HIGHLIGHTS : ദോഹ: വന്യമൃഗങ്ങളെ കൈവശം വയ്ക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സിംഹം, പുലി തുടങ്ങി നിരവധി വന്യമൃഗങ്ങളെ പല ഖത്തരികളും വളര്‍ത്ത...

images (1)ദോഹ: വന്യമൃഗങ്ങളെ കൈവശം വയ്ക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സിംഹം, പുലി തുടങ്ങി നിരവധി വന്യമൃഗങ്ങളെ പല ഖത്തരികളും വളര്‍ത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മൃഗങ്ങളെ അനധികൃതമായി സൂക്ഷിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഖത്തറിനു പുറമെ ജി സി സി രാജ്യങ്ങളില്‍ പലതിലും സ്വദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്യമൃഗങ്ങളെ വ്യാപകമായി കൈവശം വയ്ക്കുന്നുണ്ട്. വീടുകളില്‍ വളര്‍ത്തുന്ന വന്യജീവികളെ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സിംഹം, പുലി, ചീറ്റ ഉള്‍പ്പടെയാണ് വീടുകളില്‍ വളര്‍ത്തുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം മുന്നറിയിപ്പ് ആവര്‍ത്തിച്ചത്.
വന്യജീവികള്‍ ഭീഷണിയാകുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വന്യമൃഗങ്ങള്‍ക്കൊപ്പമിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ചില  ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഖത്തറില്‍ ആഡംബരം കാണിക്കുന്നതിനായി സ്വദേശികള്‍ കാറിന്റെ മുന്‍സീറ്റിലിരുത്തിയും മറ്റും ചീറ്റകളെ പ്രദര്‍ശിപ്പിക്കുന്നതും ഇത്തരം ഫോട്ടോകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും മറ്റും ഇടയ്ക്കിടെ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. നിയമം ലംഘിച്ച് ഖത്തറില്‍ ഓണ്‍ലൈന്‍ പുള്ളിപ്പുലികളെ വില്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലര മാസം പ്രായമുള്ള ചീറ്റക്കുഞ്ഞിനെ 35,000 ഖത്തര്‍ റിയാലിന് വിറ്റതായി പ്രാദേശിക വെബ്‌പോര്‍ട്ടല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴി ക്ലാസിഫൈഡ് പേജിലായിരുന്നു വില്‍ക്കാനുണ്ടെന്ന് കാണിച്ചു പരസ്യം നല്‍കിയിരുന്നത്. 40,000 ഖത്തര്‍ റിയാലായിരുന്നു വില നിശ്ചയിച്ചിരുന്നത്. ഖത്തറില്‍ ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്ന  വെബ്‌സൈറ്റിലൂടെയായിരുന്നു പരസ്യം നല്‍കിയിരുന്നത്.
വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് ഖത്തറിലെ നിയമങ്ങള്‍ക്ക് എതിരാണ്. വന്യ മൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നത് ലൈസന്‍സില്ലാതെ ആയുധം കൈവശം വെക്കുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റമാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വന്യമൃഗങ്ങളെ വീടുകളിലും മറ്റും വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് നിര്‍ദേശം കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. വന്യമൃഗങ്ങള്‍ക്ക് വീടുകളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടുപോകാനാകില്ല. ഈ മൃഗങ്ങളുടെ പൊതുസ്വഭാവംതന്നെ കാടിന്റെ അന്തരീക്ഷവുമായി ചേര്‍ന്നുപോകുന്നതാണ്. അതുകൊണ്ടുതന്നെ ഇവയെ പൊതുഇടങ്ങളില്‍ വിശ്വസിക്കാനാകില്ല- മന്ത്രാലയം ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ എന്തുതരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കുന്നു. വന്യമൃഗങ്ങളെ സൂക്ഷിക്കുന്നവര്‍ക്കെതിരെയും കടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്. മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച ഭൂരിപക്ഷം പേരും കടുത്ത ശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!