ഖത്തറിൽ സന്ദർശക വിസക്കാർക്ക് താമസകാലയളവ് ഒരു മാസംകൂടി നീട്ടി

ദോഹ : സംഘർഷ സാഹചര്യത്തിൽ രാജ്യത്ത് കുടുങ്ങുന്ന വിസക്കാർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഖത്തർ. രാജ്യത്തെത്തിയവരുടെ വിസാ കാലാവധി ഒരു മാസത്തേക്കു കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ വിഭാഗത്തിലുമുള്ള എൻട്രി വിസകളുടെയും കാലാവധി നീട്ടിയിട്ടുണ്ട്. തീരുമാനം ശനി മുതൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.

മേഖലയിലെ സംഘർഷങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ കാലാവധി വീണ്ടും നീട്ടി നൽകും. ഇവരിൽനിന്ന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി, ബന്ധപ്പെട്ട വകുപ്പുകൾ സന്ദർശിക്കുകയോ അധിക അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യാതെ കാലാവധി നീട്ടാനാകും. അതേ സമയം, ഫെബ്രുവരി 28ന് മുമ്പ് കാലാവധി കഴിഞ്ഞ എല്ലാ വിഭാഗത്തിലുമുള്ള എൻട്രി വിസ ഉടമകൾ ആദ്യം ഓവർസ്റ്റേ കാ ലയളവിനുള്ള നിശ്ചിത പിഴ അടക്കേണ്ടിവരും. ശേഷം, മേൽപ്പറഞ്ഞ തീയതിമുതലുള്ള അധിക താമസത്തിന് ഫീസ് ഇളവ് അനുവദിക്കും.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യവും വിമാന സർവീസുകൾ നിർത്തിവച്ചതും കണക്കിലെടുത്ത് രാജ്യത്തുള്ള വിദേശ വിനോദസഞ്ചാരികൾക്കായി സുപ്രധാന പ്രഖ്യാപനവുമായി ഖത്തർ. രാജ്യത്ത് കുടുങ്ങിപ്പോയ അതിഥികളുടെ ഹോട്ടൽ താമസ കാലാവധി നീട്ടി നൽകും. അധിക ചെലവ് സർക്കാർ വഹിക്കുമെന്നും അധികൃതർ അറിയിച്ചു.

ഹോട്ടൽ താമസം പൂർത്തിയാക്കിയിട്ടും യാത്രാനിയന്ത്രണം കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ഫെബ്രുവരി 28 മുതൽ താമസം നീട്ടി നൽകാൻ ഖത്തർ ടൂറിസം നിർദേശം നൽകിയിരുന്നു. വിമാനത്താവളങ്ങൾ തുറക്കുകയും വ്യോമഗതാഗതം സാധാരണ നിലയിലാകുകയും ചെയ്യുന്നതുവരെ അധിക ചെലവ് ഖത്തർ ടൂറിസം നേരിട്ട് വഹിക്കും.

സന്ദർശകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് രാജ്യത്തെ ഹോട്ടൽ മാനേജർമാർക്ക് ഔദ്യോഗിക സർക്കുലർ അയച്ചിട്ടുണ്ട്. ഖത്തർ ടൂറിസത്തിന്റെ പ്രത്യേക സംഘം ഹോട്ടലുകളുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണ നൽകും. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കും സന്ദർശകർക്കും ഉണ്ടാകുന്ന സാമ്പത്തിക ഭാരവും മാനസിക വിഷമവും കുറയ്ക്കാൻ നടപടി സഹായിക്കും.

താമസക്കാരുടെയും സന്ദർശ കരുടെയും നിയമപരമായ താമസം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സമയബന്ധിതമായി സ്വീകരിക്കും. എല്ലാവരും വീടിനുള്ളിൽതന്നെ തുടരണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പുറത്തിറങ്ങാകൂ. ജനാലകൾ, തുറന്ന സ്ഥലങ്ങൾ എന്നിവയിൽനിന്ന് അകലം പാലിക്കണം. പൊതുസുരക്ഷ ഉറപ്പാക്കാൻ അധികാരികൾ നൽകുന്ന ഔദ്യോഗിക നിർദേശം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top