
തിരൂർ:പ്രതിശ്രുത വധുവിന്റെ വീട്ടിലും സ്വന്തം കാറിലും ഒളിപ്പിച്ചുവച്ചു എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തവനൂർ പുത്തൻ പുരയിൽ മുഹമ്മദ് ഷിബാ (26)നെയാ ണ് തിരൂർ പൊലീസ് പിടികൂടിയത്. തിങ്കൾ വൈകിട്ട് തിരൂർ തെക്കുമുറി പൊറ്റിലത്തറ ഭാഗത്തുനിന്നുമാണ് പ്രതി പിടിയിലായത്. കാറിൽ പൊറ്റിലത്തറ ഭാഗത്തെത്തിയ ഷിബാൻ പൊലി സിനെ കണ്ടതോടെ വാഹനത്തിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചു.
പൊലീസ് പിടികൂടി കാർ പരിശോധിച്ചപ്പോൾ ഗിയർബോക്സിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ നിക്കാഹ് കഴിഞ്ഞ പ്രതിശ്രുത വധുവിൻ്റെ വീട്ടിലും എംഡിഎംഎ ഒളിപ്പിച്ചുവച്ചതായി മൊഴിനൽകി.
തുടർന്ന് കുറ്റിപ്പുറം എസ്എച്ച്ഒ നൗഫൽ, തിരൂർ എസ്ഐ വിശാഖ് കെ വിശ്വൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രതിശ്രുത വധുവിന്റെ തിരുന്നാവായയിലെ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ മുകൾ നിലയിലെ ബാത്ത്റൂമിലെ ക്ലോസെറ്റിന് സമീപത്തുനിന്നുമായി 1.55 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതി സ്വന്തമായി ഉപയോഗിക്കാനായാണ് എംഡിഎംഎ സുക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.




