കടുത്ത ചൂടും വിഷപ്പാമ്പുകളും: പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കടുത്ത ചൂടും ഉഷ്ണവും മൂലം മാളങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന വിഷപ്പാമ്പുകള്‍ വഴി ജനങ്ങള്‍ക്ക് ഭീതിയോ അപകടമോ ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാന്‍ കേരള വനംവകുപ്പിന്റെ സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്താകെ ആയിരത്തി ഇരുനൂറില്‍പരം അംഗീകൃത പാമ്പ് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ട്. കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാല്‍ വനം വകുപ്പിന്റെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കണം. അവരുടെ സേവനം സൗജന്യമാണ്. ഇത് സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ സര്‍പ്പ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴിയോ ചെയ്യാം.

പാമ്പ് കടിയേറ്റാല്‍:

പാമ്പ് കടിയേല്‍ക്കുന്ന സാഹചര്യത്തില്‍ ഉടനടി ശരിയായ ചികിത്സ നല്‍കേണ്ടതുണ്ട്. ചികിത്സ വൈകുന്നതിന് ജീവന്റെ വില നല്‍കേണ്ടിവരാം. മാരകമായി പാമ്പ് കടിയേറ്റ ഒരാളെ സംബന്ധിച്ച് കടിയേറ്റ് രക്തത്തില്‍ കലര്‍ന്ന പാമ്പിന്‍ വിഷം നിര്‍വീര്യമാക്കാന്‍ അടിയന്തിരമായി നല്‍കുന്ന ആന്റിവെനത്തിന് മാത്രമേ കഴിയൂ. ഉടനടി ലഭിക്കുന്ന കൃത്യമായ ചികിത്സയിലൂടെ രോഗിക്ക് പൂര്‍ണ സുഖം പ്രാപിക്കാന്‍ കഴിയും. തെറ്റായ ചികിത്സയും, ഫലപ്രദമായ ചികിത്സ നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസവുമാണ് യഥാര്‍ത്ഥത്തില്‍ മരണകാരണമാകുന്നത്.

പാമ്പ് കടിയേറ്റയാളെ ഒരു കാരണവശാലും അധൈര്യപ്പെടുത്തരുത്. അയാളെ ഓടിക്കുകയോ നടത്തുകയോ ആയാസകരമായ പ്രവൃത്തികള്‍ ചെയ്യിക്കുകയോ അരുത്.

കടിപ്പാടില്‍ മുറിവുണ്ടാക്കി രക്തമൊഴുക്കാന്‍ ശ്രമിച്ചാല്‍ ഞരമ്പ് മുറിഞ്ഞ് രക്തനഷ്ടമുണ്ടായി വലിയ സങ്കീര്‍ണതയുണ്ടാകും. കടിപ്പാടില്‍ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

മുറിപ്പാട് സോപ്പുപയോഗിച്ച് കഴുകുന്നത് പോലും മസാജ് ഇഫക്ട് മൂലം വിഷം അതിവേഗം രക്തത്തില്‍ കലരുന്നതിന് കാരണമാകാം.

കടിപ്പാട് മുറുക്കിയോ അയച്ചോ കെട്ടുന്നത് ഒഴിവാക്കുക. പേശീ ചലനം പരമാവധി കുറയ്ക്കുന്നതിനായി ബാന്‍ഡേജ് ചുറ്റുന്നതില്‍ തെറ്റില്ല.

ലഭ്യമായ വാഹനത്തില്‍ എത്രയും വേഗം ആന്റിവെനം സ്റ്റോക്കും അതു നല്‍കുന്ന ഡോക്ടറും (രണ്ടും രോഗിയുടെ കൂടെയുള്ളവര്‍ വിളിച്ച് ഉറപ്പുവരുത്തുക, ഒരാശുപത്രിയില്‍ നിന്ന് അടുത്തയിടത്തേക്കു പോകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ വേണ്ടിയാണിത്) ഉള്ള ആശുപത്രിയിലെത്തിക്കുക. ഈ സൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് സര്‍പ്പ ആപ്പില്‍ ലഭ്യമാണ്.

കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല, അത് അപകടകരമാണ്. കൂടുതല്‍ പേര്‍ക്കു കടിയേല്‍ക്കാനും പാമ്പിനെ തെരഞ്ഞു സമയം നഷ്ടപ്പെടാനും ഇടയാകും. മൂര്‍ഖന്‍, ശംഖുവരയന്‍, ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നീ നാലിനങ്ങളുടെ കടിക്കെതിരെ ഒരേ ഒരു മരുന്ന് തന്നെയാണ് ഉപയോഗിക്കുക.

സ്‌കൂളുകള്‍ക്കും പാര്‍പ്പിട പാര്‍പ്പിടേതര കെട്ടിടങ്ങള്‍ക്കുമുള്ള പൊതു മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍:

  1. കെട്ടിടത്തിന്റെ ഉള്‍ഭാഗവും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളില്‍ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
  2. കെട്ടിടങ്ങള്‍ക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ് വസ്തുക്കള്‍ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കള്‍ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാന്‍ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.
  3. ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകര്‍ഷിക്കും. എലിയുടെ സാന്നിധ്യം തീര്‍ച്ചയായും പാമ്പുകളെ ആകര്‍ഷിക്കും.
  4. കെട്ടിടത്തിന് മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടര്‍ത്തിയ വള്ളിച്ചെടികള്‍ ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്ത വിധം ക്രോപ്പ് ചെയ്യുക. അങ്ങനെ അവ മരംകയറാന്‍ കഴിയുന്ന പാമ്പുകള്‍ക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാന്‍ സൗകര്യമാകാത്ത വിധം സംവിധാനിക്കുക.
  5. ഡ്രെയിനേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.
  6. കെട്ടിടത്തിന്റെ മുന്‍, പിന്‍വാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം. കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകള്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.
  7. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീല്‍ ചെയ്യുക.
  8. രാത്രികളില്‍ കാല്‍നടയാത്രക്ക് ലൈറ്റ്/ ടോര്‍ച്ച് നിര്‍ബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുള്‍പ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.
  9. വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോള്‍ അതിനുള്ളില്‍ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക. കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളില്‍ കൈ കടത്താതെ നിലത്ത് കൊട്ടി വേണമിത് ചെയ്യാന്‍.
  10. വീടിന് മുന്നില്‍ വെച്ച ചെറിയ ചെടിച്ചട്ടികള്‍ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കില്‍ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകള്‍ ചെടിച്ചട്ടിക്ക് കീഴില്‍ ചുരുണ്ടുകൂടാം.
  11. പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിച്ച് കുറച്ചുനാള്‍ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാന്‍ സാധ്യത കൂടുതലാണ്. ഫെബ്രുവരി ഇടവപ്പാതി കാലത്ത് ഇങ്ങനെ പാമ്പിന്‍ കുഞ്ഞുങ്ങളെ കാണാറുണ്ട്.
Share news
error: Content is protected !!
Scroll to Top