ഖത്തറിലും ഭൂകമ്പത്തിന്റെ അലയൊലികള്‍

ദോഹ: അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്ത്യയിലുമുണ്ടായ ഭൂകമ്പത്തിന്റെ അലയൊലികള്‍ ഖത്തറിലും അനുഭവപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പത്തിന്റെ അലയൊലികളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ അലയൊലികള്‍ അനുഭവപ്പെട്ടതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. എന്നാല്‍ എവിടേയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെസ്റ്റ്‌ബേ, അല്‍ സദ്ദ്, മതാര്‍ ഖദീം തുടങ്ങിയ ഭാഗങ്ങളിലാണ് കുഞ്ഞു കുലുക്കങ്ങള്‍ അനുഭവപ്പെട്ടതെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ഖത്തര്‍ സമയം 12.09നാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂകമ്പം അനുഭവപ്പെട്ടത്. ഏകദേശം അതേ സമയത്തു തന്നെയാണ് ഖത്തറിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
തങ്ങളുടെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ താഴേക്ക് ഇറക്കിയതായി ചിലര്‍ ട്വിറ്ററിലും സോഷ്യല്‍ മീഡിയകളിലും റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിലോ മുറിക്കകത്തോ ഉള്ളവര്‍ മേശയുടേയോ ഡസ്‌കിന്റേയോ താഴെ സുരക്ഷിതമായ സ്ഥലം കണ്ടെത്തണമെന്ന് മുന്നറിയിപ്പും നല്കിയിരുന്നു.
വലിയ കെട്ടിടങ്ങളുടെ താഴെ നില്‍ക്കുന്നവരോട് കെട്ടിടങ്ങളില്‍ നിന്നും അകലം പാലിക്കാനും മുന്നറിയിപ്പ് നല്കി. ചെറിയ കുലുക്കത്തില്‍ കണ്ണാടികളോ മറ്റേതെങ്കിലും കെട്ടിട അവശിഷ്ടങ്ങളോ വീണ് പരുക്കേല്‍ക്കുന്നതിനെ ചെറുക്കാനാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്കിയത്.
കനത്ത ഭൂകമ്പത്തെ തുടര്‍ന്നുണ്ടാകുന്ന പ്രകമ്പനം ഖത്തറില്‍ ആദ്യമായല്ല അനുഭവപ്പെടുന്നത്. 2013 ഏപ്രിലില്‍ ഇറാനിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തിന്റെ അലയൊലികള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ ഖത്തറിലും അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം വിവിധ മേഖലകളിലുണ്ടായ ഭൂകമ്പങ്ങളെ തുടര്‍ന്നുള്ള അലയൊലികള്‍ ആറു തവണ ഖത്തറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ അറേബ്യന്‍ ഭൂപ്രദേശം ഭൂകമ്പ സാധ്യത വളരെ കുറഞ്ഞ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അപകട സാധ്യതാ പ്രദേശങ്ങളില്‍ നിന്നും വളരെ ദൂരെയാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ മസ്‌ക്കത്ത് പോലുള്ള നഗരങ്ങളെക്കാളും ദോഹയില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടാകുന്ന അലയൊലികളും അനുഭവപ്പെടാന്‍ വളരെ കുറഞ്ഞ സാധ്യത മാത്രമേയുള്ളുവെന്നാണ് വിദഗ്ധരുടെ പക്ഷം.