കണ്ണീരുണങ്ങാത്ത മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലുണ്ടായിട്ട് നാളേക്ക് ഒരുവര്‍ഷം. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ മണ്ണിടിച്ചില്‍ ആദ്യം ഉണ്ടായത്. പിന്നീട് ഒരുമണിയോടെ വലിയ ഉരുള്‍പ്പൊട്ടലായി മാറുകയായിരുന്നു.
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരെ സംസ്‌കരിച്ച ശ്മശാനഭൂമി ഇനിമുതല്‍ ‘ജൂലൈ 30 ഹൃദയഭൂമി’ എന്നാകും അറിയപ്പെടുക. മേപ്പാടി ഗ്രാമപഞ്ചായത്തിന്റേതാണ് തീരുമാനം. പഞ്ചായത്ത് അംഗമായ അജ്മല്‍ സാജിദ് ആണ് ഈ പേര് നിര്‍ദേശിച്ചത്. പേര് നിര്‍ദേശിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം പഞ്ചായത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗം എടുത്തിരുന്നു.
രാജ്യം നടുങ്ങിയ ദുരന്തത്തില്‍ 298 പേരുടെ ജീവനാണ് പൊലിഞ്ഞത്. ജൂലൈ 30 ന് പുലര്‍ച്ചെയാണ് വലിയ ശബ്ദം ആദ്യം നാട്ടുകാര്‍ കേള്‍ക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് കിലോമീറ്റര്‍ വനമേഖലയിലൂടെ കടന്നെത്തിയ ഉരുള്‍ ആദ്യം തുടച്ചെറിഞ്ഞ ജനവാസ മേഖല പുഞ്ചിരിമട്ടമാണ്. കുത്തിയൊലിച്ച മലവെള്ളവും പാറക്കെട്ടുകളും മരങ്ങളും ഇതോടെ ഒരുനാടിനെയാകെ ഇല്ലാതാക്കി. നിമിഷനേരത്തിനുള്ളില്‍ ഉരുള്‍ മുണ്ടക്കൈയിലുമെത്തി. പുലര്‍ച്ചെ നാലുമണിയോടെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. പുന്നപ്പുഴ രണ്ടായി ഉരുണ്ടിറങ്ങി. മുണ്ടക്കൈയെ തുടച്ചെടുത്ത ഉരുള്‍ ചൂരല്‍മലയിലുമെത്തി. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മരിച്ചവരില്‍ ചിലരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ദുരന്തത്തില്‍ 298 പേരാണ് മരിച്ചത്. എന്നാല്‍ ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദുരന്തഭൂമിയില്‍ രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് നടന്നത്.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ദുരന്തബാധിതര്‍ക്കായ് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കുന്ന ടൗണ്‍ഷിപ്പിലെ മാതൃകാ വീട് നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. 410 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.




