കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയാണ് പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നായിരുന്നു അനേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഏകദേശം ഒരുമണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. അന്വേഷണ സംഘം സുനിയുടെ അമ്മ ശോഭനയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇവരുടെ രഹസ്യമൊഴി വിചാരണക്കോടതി രേഖപ്പെടുത്തുകയും ചെയ്തു.
ഇരയായ നടിയോട് സുനിക്ക് വൈരാഗ്യമുണ്ടായിരുന്നില്ലെന്നും നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയാണെന്ന് സുനി പറഞ്ഞിരുന്നുവെന്നും ശോഭന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് അന്വേഷണ സംഘം ചോദിച്ചു. കേസില്‍ ഇപ്പോഴും പുറത്തുവരാത്ത വിഐപി, മാഡം എന്നിവരെക്കിറിച്ചും സുനിയോട് ചോദിച്ചു. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ദിലീപിനെതിരെ ബൈജു കൊട്ടാരക്കര ഗുരതര ആരോപണം ഉയര്‍ത്തിയിരുന്നു. ദിലീപിന് ജാമ്യം ശരിയാക്കാമെന്ന വാഗ്ദാനവുമായി കേരളത്തിലെ പ്രമുഖ നേതാവിന്റെ മകന്‍ ദിലീപിന്റെ സുഹൃത്തായ സംവിധായകനെ ബന്ധപ്പെട്ടെന്നായിരുന്നു ആരോപണം. പത്ത് കോടി രൂപ നേതാവിന്റെ മകന്‍ ഡിമാന്‍ഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. കേസ് ഒതുക്കാന്‍ നേതാവിന്റെ വീട്ടിലെത്തി 50 ലക്ഷം രൂപ കൊടുത്തുവെന്നും ആരോപണത്തിലുണ്ടായിരുന്നു.




