ജനകീയ പിന്തുണ പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കി;സ്പീക്കര്‍ ഷംസീര്‍

കോഴിക്കോട്: ജനകീയ പിന്തുണ പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കിയതായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ജനകീയ പിന്തുണയോടെ വികസനം നടപ്പാക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കുമ്പോഴാണ് നാട്ടില്‍ പുരോഗതി ഉണ്ടാവുക. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേരുമ്പോഴാണ് പൊതു വിദ്യാഭ്യാസം ശക്തിപ്പെടുന്നത്. അതില്‍ എയ്ഡഡ് സ്‌കൂളിനെയും സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. അതിനാണ് ചലഞ്ച് ഫണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി മാനേജ്‌മെന്റ് ചിലവാക്കുന്ന തുകക്ക് തുല്യമായി സര്‍ക്കാരും ചിലവാക്കും. ഇത് പൊതുവിദ്യാഭ്യാസത്തെ സഹായിക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ ഇടപെടുന്നു എന്നതിന്റെ സൂചനയാണ്, സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പുതിയ കെട്ടിടങ്ങള്‍ വരുമ്പോള്‍ സ്റ്റാഫ് റൂമുകളുടെ അനാവശ്യ ആഢംബരം ഒഴിവാക്കി ലൈബ്രറി, ലാബ്, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധ്യാപകരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധിക്കണം. ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നത് പ്രതിരോധിക്കുന്നതിനായി കായികമേഖലയിലേക്ക് കുട്ടികളെ വഴി തിരിച്ച് വിടാന്‍ നമുക്ക് സാധിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി കിഫ്ബിയിലൂടെ 3.90 കോടി രൂപയാണ് മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂര്‍ ജി.എം. യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന് അനുവദിച്ചത്.

ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.മുക്കം നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ പി സഫീദ റിപ്പോര്‍ട്ട് അവതരിച്ചു. മുക്കം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ പി ചാന്ദ്‌നി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ
അബ്ദുല്‍ ഗഫൂര്‍, ഫാത്തിമ കൊടപ്പന, സാറ കൂടാരം, റംല ഗഫൂര്‍, എം മധു, എം ടി വേണുഗോപാലന്‍, എ.ഇ.ഒ വി ദീപ്തി, ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ പി കെ മനോജ്കുമാര്‍, പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുക്കം നഗരസഭ ചെയര്‍മാന്‍ പി ടി ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി ത്രിവേണി നന്ദിയും പറഞ്ഞു

 

Share news
error: Content is protected !!
Scroll to Top