തിരൂരങ്ങാടി:ദശീയപാത 66 കൊളപ്പുറം ജങ്ഷനിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം ചേര്‍ന്നു. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ്മ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കൊളപ്പുറം ജങ്ഷനില്‍ പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാത ദേശീയപാത 66ന് കുറുകെ കടക്കുന്ന ഭാഗത്ത് നിര്‍മിക്കേണ്ടിയിരുന്ന മേല്‍പ്പാലം 200 മീറ്റര്‍ മാറി സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തിയാണ് നിര്‍മിച്ചതെന്നും ഇവിടെ മേല്‍പ്പാലം നിര്‍മിച്ചോ സ്ഥലം ഏറ്റെടുത്ത് സര്‍വീസ് റോഡിന്റെ വീതി കൂട്ടിയോ പ്രശ്‌നം പരിഹരിക്കണമെന്നുമായിരുന്നു ജനപ്രതിനിധികളുടെ ആവശ്യം.
കൊളപ്പുറത്തു നിന്നും എയര്‍പോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സര്‍വ്വീസ് റോഡിന്റെ വീതി എട്ടു മീറ്ററായി വര്‍ധിപ്പിക്കാനും ഇതിന് അധികം ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി. കൊളപ്പുറം ജങ്ഷനില്‍ നിന്നും തിരൂരങ്ങാടി ഭാഗത്തേക്ക് പ്രവേശിക്കുന്നിടത്തെ സര്‍വ്വീസ് റോഡിനും വീതി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ഇവിടെ ഫുട്പാത്ത് നിര്‍മിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഈ പ്രവൃത്തിക്ക് അധികം ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി തേടി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന വെള്ളക്കെട്ട്, ഗതാഗത ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.എസ് ബിന്ദുമോള്‍ (ദേശീയപാതാ 66 സ്ഥലമെടുപ്പു വിഭാഗം), ഡോ. ജെ.ഒ അരുണ്‍ (ദേശീയപാതാ 966 സ്ഥലമെടുപ്പു വിഭാഗം), കെ. ലത (എല്‍.എ), പൊതുമരാമത്ത് വകുപ്പ് (ദേശീയപാതാ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എസ്. ആര്‍ അനിതാകുമാരി, എന്‍.എച്ച് 66 ലെയ്സണ്‍ ഓഫീസര്‍ പി.പി.എം അഷ്റഫ്, കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് ജനറല്‍ മാനേജര്‍ സി. രാജേന്ദര്‍ റെഡ്ഢി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.




