പരപ്പനങ്ങാടി:സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘പൊതുയിടം എന്റേതും’ എന്ന പേരിൽ സംഘടിപ്പിക്കുന്ന രാത്രി നടത്തത്തിന്റെ ഭാഗമായി തിരൂരങ്ങാടി ഐ.സി.ഡി.എസും പരപ്പനങ്ങാടി നഗരസഭയും ചേർന്ന് പരപ്പനങ്ങാടിയിൽ രാത്രി നടത്തം സംഘടിപ്പിച്ചു.
സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ പൊതുബോധം ഉണർത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് അന്യമാകുന്ന പൊതു ഇടങ്ങൾ തിരിച്ചു പിടിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടി നടത്തുന്നത്. നഗരസഭ കൗൺസിലർമാർ, അങ്കൺവാടി ജീവനക്കാർ എന്നിവർ അണിനിരന്ന നടത്തം മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ്ചെയർപേഴ്‌സൺ കെ ഷഹർബാനു അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി മുസ്തഫ പ്രാതിജ്ഞ ചൊല്ലിക്കൊടുത്തു.
കൗൺസിലർമാരായ സി ജയദേവൻ, തലക്കലകത്ത് റസാഖ്, ഹാജ്യാരകത്ത് സെയ്തലവിക്കോയ പ്രസംഗിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മാരായ കെ.പി മുഹ്സിന, സീനത്ത് ആലിബാപ്പു എന്നിവർ നേതൃത്വം നൽകി.




