Section

malabari-logo-mobile

അനര്‍ഹരില്‍ നിന്നും മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും; മുന്‍ഗണനാ കാര്‍ഡുടമകളിലെ അനര്‍ഹര്‍ ആരാണ് ?

HIGHLIGHTS : Priority cards will be withdrawn from the ineligible and distributed to the eligible

അനര്‍ഹരില്‍ നിന്ന് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹതയുള്ളവര്‍ക്ക് നല്‍കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അനര്‍ഹരില്‍ നിന്നും മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചെടുക്കുന്ന പ്രവര്‍ത്തികള്‍ ആറ് മാസത്തിനകം തന്നെ പൂര്‍ത്തിയാക്കും. പിഴ സഹിതമായിരിക്കും കാര്‍ഡുകള്‍ തിരിച്ചെടുക്കുക. തിരിച്ചെടുത്ത കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പി.ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എ, ജില്ല കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മുന്‍ഗണനാ കാര്‍ഡുടമകളിലെ അനര്‍ഹര്‍ ആരാണ് ?

സര്‍ക്കാര്‍/ പൊതുമേഖലാ/ അര്‍ദ്ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍/സര്‍വ്വീസ് പെന്‍ഷണര്‍, 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീട്, ഒരേക്കറില്‍ കൂടുതല്‍ പുരയിടം, ആദായ നികുതി അടയ്ക്കുന്നവര്‍, ഏക ഉപജീവനമാര്‍ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവര്‍ എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ല.

മുന്‍ഗണനാ കാര്‍ഡിന് എങ്ങനെ അപേക്ഷിക്കാം

ഒരു കുടുംബം ആദ്യമായി കാര്‍ഡെടുക്കുമ്പോള്‍, സാമ്പത്തിക ഭേദമന്യെ, വെള്ള നിറത്തിലുള്ള (എന്‍പിഎന്‍എസ്) കാര്‍ഡാണ് ലഭിക്കുക. അത് ലഭിച്ചശേഷം കാര്‍ഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. മാരകമായ അസുഖങ്ങളുള്ളവര്‍ (ക്യാന്‍സര്‍, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവര്‍, നിരാലംബരായ വിധവകള്‍, സര്‍ക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുള്‍പ്പെട്ടവര്‍, പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവശര്‍, കിടപ്പുരോഗികള്‍ എന്നിവരുടെ അപേക്ഷകള്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക. ബാക്കിയുള്ളവരുടെ റേഷന്‍ കാര്‍ഡ് ഡാറ്റയിലെ വിവരങ്ങള്‍ക്കനുസരിച്ച് ഓരോ ഫീല്‍ഡിനും നിശ്ചിത മാര്‍ക്ക് നല്‍കുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ (കുറഞ്ഞത് 30 മാര്‍ക്ക് ലഭിക്കുന്നവരെ ഉള്‍പ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയും ചെയ്യും. ആ പട്ടികയിലുള്‍പ്പെടുന്നവരുടെ അപേക്ഷകള്‍ മാത്രമേ പിന്നീട് കാര്‍ഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ.

പട്ടികയിലുള്‍പ്പെടുന്ന എല്ലാവര്‍ക്കും മുന്‍ഗണനാ കാര്‍ഡ് ഉടനെ നല്‍കാന്‍ കഴിയില്ല. കാരണം അതിനുംമാത്രം ഒഴിവുകള്‍ മുന്‍ഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സാമൂഹിക- സാമ്പത്തിക വിവരവും അനുസരിച്ച് ആകെ മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡുകളിലുണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത എണ്ണത്തിനപ്പുറം അത് കൂട്ടി നല്‍കുന്നതിന് കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കാന്‍ കഴിയാത്തത്. ഓരോ തവണയും സംസ്ഥാനത്ത് മുന്‍ഗണനാ കാര്‍ഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകള്‍ക്കായി വിഭജിച്ച് നല്‍കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുള്‍പ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാര്‍ഡ് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ചാണ് കാര്‍ഡ് മാറ്റി നല്‍കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!