കൊച്ചി: രണ്ട് ദിവസത്തെ സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിലെങ്ങും ഏര്പ്പെടുത്തിയിരിക്കുന്നത്.യുവമോര്ച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും.
അതേ സമയം ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില് നിന്നും കേരളാ ഗവര്ണറെ ഒഴിവാക്കി. സംസ്ഥാന സര്ക്കാര് പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയില് ഗവര്ണറുടെ പേരും നല്കിയിരുന്നു. കൊച്ചിയില് എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാല് ഗവര്ണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. ഗവര്ണര് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഇന്നലെ വൈകിട്ട് കൊച്ചിയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്ണറെ ഒഴിവാക്കിയ വിവരം പ്രധാന മന്ത്രിയുടെ ഓഫീസല് നിന്നും എത്തിയത്. തിരുവനന്തപുരത്ത് പ്രധാന മന്ത്രിയെ സ്വീകരിക്കാന് ഗവര്ണര് ഉണ്ടാകും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സര്ക്കാരിന് വേണ്ടി മന്ത്രി പി.രാജീവ് സ്വീകരിക്കും.
വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തില് ഇറങ്ങുക. തുടര്ന്ന് സുരക്ഷ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. അവിടെ നിന്നാണ് 1.8 കിലോ മീറ്റര് ദൂരത്തില് റോഡ് ഷോ തുടങ്ങുയത്. റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളും നിയന്ത്രിക്കും. പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാന് എത്തുമെന്നാണ് കരുതുന്നത്. തേവര എസ് എച്ച് കോളജില് എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്ന്ന് വിവിധ തൊഴില് മേഖലകളിലെ യുവാക്കളുമായി മുഖാമുഖം. കേരളത്തിന്റെ വികസനത്തിന് യുവസമൂഹം എന്താഗ്രഹിക്കുന്നു എന്നതാണ് വിഷയം. ഇതിന് ശേഷം വൈകിട്ട് 7 മണിക്കാണ് കര്ദിനാള്മാരടക്കം ക്രൈസ്തവ മേലധ്യക്ഷന്മാരുമായുളള കൂടിക്കാഴ്ച.
പ്രധാനമന്ത്രിയുടെ സന്ദര്ശനം കണത്തിലെടുത്ത് 2600 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി നഗരത്തിലെങ്ങും വിന്യസിച്ചിരിക്കുന്നത്. രാവിലെ മുതല് നഗരത്തില്, പ്രത്യേകിച്ച് തേവര ഭാഗത്ത് ഗതാഗത ക്രമീകരണവുമുണ്ട്. രാവിലെ കൊച്ചിയില് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെയെത്തി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടര് മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്വഹിക്കും.




