ദേശീയ വടംവലി മത്സരത്തില്‍ മലപ്പുറത്തിന്റെ അഭിമാനമായി പര്‍വീസും സ്വാഫിന്‍ ഷാദും

മേലാറ്റൂര്‍: ദേശീയ വടംവലി മത്സരത്തില്‍ നാടിന് അഭിമാനമായി പര്‍വീസും സ്വാഫിന്‍ ഷാദും. രാജസ്ഥാനില്‍ കഴിഞ്ഞമാസം 27നും 28നും നടന്ന മത്സരത്തിലാണ് സ്വര്‍ണവും വെള്ളിയും നേടിയ കേരള ടീമില്‍ ഇവര്‍ ഉള്‍പ്പെട്ടത്. മേലാറ്റൂര്‍ എടയാറ്റൂരില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ പര്‍വീസ് ആലം അണ്ടര്‍ 17 വിഭാഗത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ടീമിലാണ് ഉള്‍പ്പെട്ടത്. വെള്ളി മെഡല്‍ നേടിയ അണ്ടര്‍ 19 ടീമിനുവേണ്ടിയാണ് സ്വാഫിന്‍ ഷാദ് കളിച്ചത്. ആനക്കയം വെള്ളില സ്വദേശിയായ സ്വാഫിന്‍ ഷാദിന്റെ ടീം ഫൈനലില്‍ പഞ്ചാബുമായാണ് മത്സരിച്ചത്.

വിവിധ കാറ്റഗറിയില്‍ ആറ് ടീമുകളിലായി കേരളത്തില്‍നിന്ന് 60 താരങ്ങള്‍ പങ്കെടുത്തു. ഇതില്‍ നാല് സ്വര്‍ണവും രണ്ട് വെള്ളിയും കേരളം കരസ്ഥമാക്കി.

ബിഹാര്‍ സ്വദേശിയായ പര്‍വീസിന്റെ അച്ഛന്‍ മുഹമ്മദ് അമീന്‍, അമ്മ ഷഹീന, സഹോദരന്‍ ഷബീന്‍ എന്നിവര്‍ അടങ്ങുന്ന കുടുംബം നാല് വര്‍ഷത്തോളമായി മേലാറ്റൂര്‍ പഞ്ചായത്തിലെ എടയാറ്റൂരിലാണ് താമസം. പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് പര്‍വീസ്. മികച്ച ഒരു അത്ലീറ്റ് കൂടിയാണ്. വടംവലിയേക്കാള്‍ പ്രിയം ഓട്ടത്തില്‍. സംസ്ഥാന കായികമേളയില്‍ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ആനക്കയം വെള്ളില സ്വദേശി പുലക്കുഴിയില്‍ മുഹമ്മദ് ബഷീറിന്റെയും ഷമീറ മോളിന്റെയും മകനായ സ്വാഫിന്‍ ഷാദ് പന്തല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സ്‌കൂളിലെ കായികാധ്യാപകന്‍ സുധീറാണ് ഇരുവരുടെയും പരിശീലകന്‍.

Share news
error: Content is protected !!
Scroll to Top