പരാതിക്കാരന്റെ വീടിന് മുന്നില്‍ അമ്മക്കൊപ്പം സമരമിരുന്ന് പ്രമോദ് കോട്ടൂളി

കോഴിക്കോട്: പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതിയില്‍ കുറ്റം നിഷേധിച്ച് പ്രമോദ് കോട്ടൂളി. താന്‍ ആരുടെയും പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത് ആര്‍ക്ക് എപ്പോള്‍ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. ഈ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അമ്മയെയും കൂട്ടി പരാതിക്കാരന്റെ വീടിന് മുന്നില്‍ സമരമിരുന്നു. ഈ കാര്യത്തില്‍ എനിക്കെന്റെ അമ്മയെ ബോധ്യപ്പെടുത്തണമെന്നും അതിനായാണ് താന്‍ പരാതിക്കാരന്റെ വീടിന് മുന്നിലേക്ക് സമരമിരികുന്നതെന്നും പ്രമോദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

ഈ സംഭവത്തില്‍ എല്ലാ തരത്തിലുള്ള അന്വേഷണവും നടത്തണം. അതിനായി വ്യക്തിയെന്ന നിലയില്‍ പരാതി കൊടുക്കും. പാര്‍ട്ടി എനിക്ക് ജീവനാണ്, രക്ഷിതാവിനെ പോലെയാണ്. താന്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണം. ഒരാഴ്ചയായി തനിക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. എനിക്കാരെയും തോല്‍പ്പിക്കേണ്ട. എന്റെ പ്രസ്ഥാനം തോറ്റ് കാണരുത്, അതെനിക്ക് ഇഷ്ടമല്ല. എന്നാല്‍ എന്റെ അമ്മയാരുടെയും മുന്നില്‍ തല കുനിക്കരുത്. അതിനായാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. ഇദ്ദേഹം സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കും. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുമെന്നും ശനിയാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തിരുന്നത്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത് പ്രമോദിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അവിഹിതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും പറഞ്ഞ പ്രമോദ്, പാര്‍ട്ടി നടപടിക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. പണം ആര് ആര്‍ക്ക് എപ്പോള്‍ എവിടെ വച്ച് കൊടുത്തു എന്ന് എഴുതിയ കടലാസ് പോസ്റ്ററുമായാണ് പ്രമോദ് അമ്മയ്ക്ക് ഒപ്പം സമരമിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top