കോവിഡനന്തര ചികിത്സ കുട്ടികള്‍ക്കും സൗജന്യമല്ല

തിരുവനന്തപുരം: മൂന്നാം തരംഗത്തില്‍ രോഗബാധിതരാവാന്‍ ഏറെ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന കുട്ടികള്‍ക്കും കോവിഡനന്തര ചികിത്സ സൗജന്യമല്ലാതായി. സര്‍ക്കാര്‍ ആശുപത്രികളില്‍ എ.പി.എല്‍. വിഭാഗക്കാരില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനമാണ് ഈ വിഭാഗത്തില്‍ 18-ല്‍ താഴെയുള്ള കുട്ടികള്‍ക്ക് വിനയാകന്നത്.

നിലവില്‍ വിവിധ പദ്ധതികളിലൂടെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ പതിനെട്ടില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുഴുവന്‍ചികിത്സയും സൗജന്യമാണ്. എന്നാല്‍, കോവിഡ് ഗുരുതരമാകുന്ന കുട്ടികളില്‍ കാണുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം പോലെയുള്ള രോഗാവസ്ഥകള്‍ക്കും തുടര്‍ചികിത്സയ്ക്കും മറ്റുള്‌ലവര്‍ക്ക് നിശ്ചയിച്ച നിരക്കില്‍ പണം നല്‍കണമെന്ന് ആരോഗ്യസെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ആര്‍.ബി.എസ്.കെ, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികള്‍ വഴിയാണ് കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്നത്.

ആര്‍.ബി.എസ്.കെ. വഴി പതിനെട്ടില്‍താഴെയുള്ള കുട്ടികള്‍ക്ക് 30 അസുഖങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും സൗജന്യമാക്കിയിരുന്നു. ഇത്തരം പദ്ധതികളിലൊന്നും കോവിഡ് ചികിത്സയെ ഉള്‍പ്പെടുത്തിയിട്ടുമില്ല.

പുനഃപരിശോധിച്ചേക്കും

കോവിഡനന്തര ചികിത്സയ്ക്ക് എ.പി.എല്‍ വിഭാഗക്കാരില്‍നിന്നും പണം ഈടാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത് സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി പരിഗണിച്ച് ധനവകുപ്പിന്റെ കര്‍ശന നിലപാടിനെത്തുടര്‍ന്നാണെന്ന് ആരോപണം. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉത്തരവിറങ്ങുംമുമ്പ് അറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡനന്തര ചികിത്സയുമായി ബന്ധപ്പെട്ട് രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഉത്തരവിലെ അവ്യക്തത നീക്കാന്‍ ആരോഗ്യസെക്രട്ടറിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top