തിരുവനന്തപുരം: സംസ്ഥാനത്ത് 118.5 മെഗാവാട്ട് ശേഷിയില്‍ 11 ജലവൈദ്യുത പദ്ധതി ആരംഭിക്കും. വൈദ്യുതിമന്ത്രിയുടെ നേതൃത്വത്തില്‍ ഇതരവകുപ്പുകളിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ളവ വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
മാങ്കുളം (40 മെഗാവാട്ട്), അപ്പര്‍ ചെങ്കുളം (24 ), കീരിത്തോട് (12 ), ചെമ്പുകടവ് (7.5 ), വളാംതോട് (7.5 ), മാര്‍മ്മല (ഏഴ് ), ചാത്തന്‍കോട്ട് നട (അഞ്ച് ), വെസ്റ്റേണ്‍ കല്ലാര്‍ (അഞ്ച് ), പശുക്കടവ് (നാല് ), ലാഡ്രം (3.5),പീച്ചാട് (മൂന്ന് മെഗാവാട്ട്) എന്നീ പദ്ധതികളാണ് പുതുതായി നടപ്പാക്കുന്നത്.
നാലെണ്ണം ഉടന്‍
നിര്‍മാണം പുരോഗമിക്കുന്ന നാല് ജലവൈദ്യുത പദ്ധതി മാര്‍ച്ചിനകം യാഥാര്‍ഥ്യമാകും. തൊട്ടിയാര്‍ (40 മെഗാവാട്ട്), പൊരിങ്ങല്‍കുത്ത് (24 ), ഭൂതത്താന്‍കെട്ട് (24) അപ്പര്‍ കല്ലാര്‍ (രണ്ട് ) എന്നിവയാണ് അന്തിമഘട്ടത്തിലുള്ളത്. ഇതിന് പുറമേ പെരുവണ്ണാമൂഴി, പഴശ്ശിസാഗര്‍ പദ്ധതികളും പുരോഗമിക്കുന്നു. ഇതിന് പുറമേ മാരിപ്പുഴ (ആറ് മെഗാവാട്ട്), ഓലിക്കല്‍ (അഞ്ച് മെഗാവാട്ട്) പദ്ധതികള്‍ക്ക് ടെന്‍ഡറായി.




