HIGHLIGHTS : Popular Front hate slogan case: Child's father in custody

പിതാവിനെ കസ്റ്റഡിയിലെടുക്കാനായി നേരത്തെ പൊലീസ് പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പിതാവ് അസ്‌ക്കറലി വീട്ടിലെത്തിയത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിശദീകരണം.
മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും താന്‍ സ്വയം കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്റെ പ്രതികരണം. മകനെ മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാറുണ്ടെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്ത് വയസുകാരനായ ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമുയര്‍ന്നു. മത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ ഇന്നലെ രാത്രി 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്.