താനൂര്‍; സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് പൂരപ്പുഴ വളളം കളിക്ക് പരിസമാപ്തി. ആവേശം അണപൊട്ടി ഒഴുകിയ മല്‍സരത്തില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് സ്‌പോന്‍സര്‍ ചെയ്ത യുവരാജ കിരീടം ചൂടി. ഒഴൂര്‍ അഷ്‌കര്‍ കോറാട് സ്‌പോണ്‍സര്‍ ചെയ്ത കായല്‍ പടയാണ് റണ്ണറപ്പ്. യുവധാര മൂന്നാം സ്ഥാനവും പുളിക്കകടവന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെമിയില്‍ പുളിക്ക കടവനും കായല്‍ പടയും ഫിനിഷിങ്ങില്‍ തുല്യത പാലിച്ചതിനാല്‍ മത്സരം വീണ്ടുമരങ്ങേറി. ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ടാമങ്കത്തില്‍ കായല്‍ പട ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിയില്‍ യുവധാരയും യുവരാജയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ യുവരാജക്കായിരുന്നു വിജയം. തുടര്‍ന്ന് നടന്ന ആവേശോജ്ജ്വലമായ ഫൈനലില്‍ കായല്‍ പടയെ മലര്‍ത്തിയടിച്ച് യുവരാജ ചാമ്പ്യന്മാരായി.
അര ലക്ഷം രൂപയാണ് ഒന്നാം സ്ഥാനം നേടിയ ടീമിന് സമ്മാനം. 25,000 രൂപ രണ്ടാം സ്ഥാനക്കാര്‍ക്കും, 15,000 രൂപ മൂന്നാം സ്ഥാനക്കാര്‍ക്കും, 10,000 രൂപ നാലാം സ്ഥാനക്കാര്‍ക്കും ലഭിച്ചു. വിജയികളായവര്‍ക്ക് ട്രോഫികളും, പങ്കെടുത്ത മുഴുവന്‍ ടീമുകള്‍ക്കും മൊമന്റോകളും സമ്മാനിച്ചു.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിനാളുകളാണ് മത്സരം കാണാന്‍ ഇരുകരകളിലുമായി ഒഴുകിയെത്തിയത്. മൂന്നാമത് താനൂര്‍ ഓട്ടുംപുറം പൂരപ്പുഴ വള്ളം കളി മത്സരത്തില്‍ 12 മൈനര്‍ വള്ളങ്ങളാണ് മത്സരിക്കാനെത്തിയത്. ബിയ്യം ജലമഹോത്സവത്തില്‍ മത്സര രംഗത്തുണ്ടായിരുന്ന പുളിക്കകടവന്‍, സൂപ്പര്‍ജറ്റ്, യുവരാജ, പാര്‍ത്ഥസാരഥി, വജ്ര, നാട്ടുകൊമ്പന്‍, കൊച്ചുകൊമ്പന്‍, വടക്കുംനാഥന്‍, കായല്‍പട, ഗരുഡ, കായല്‍കുതിര, യുവധാര എന്നീ വള്ളങ്ങളാണ് പൂരപ്പുഴയുടെ ഓളങ്ങളെ ഇളക്കിമറിച്ചത്. 12 പേര്‍ വീതമടങ്ങുന്ന തുഴച്ചില്‍ അംഗങ്ങളാണ് ഓരോ വള്ളത്തിലും ഉണ്ടായിരുന്നത്.
മൂന്നാം തവണയാണ് താനൂരിലെ പൂരപ്പുഴ വള്ളംകളിക്ക് വേദിയാകുന്നത്. 2017ല്‍ ആരംഭിച്ച വള്ളംകളി 2019ലും നടത്തി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്താനായില്ല. ആദ്യ വര്‍ഷം 9 വള്ളങ്ങളും, രണ്ടാം തവണ 11 വള്ളങ്ങളുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇത്തവണ 12 വള്ളങ്ങള്‍ മത്സരിക്കാന്‍ എത്തിയത്. 2017ല്‍ നിറമരുതൂര്‍ പഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്ത പാര്‍ത്ഥ സാരഥിയാണ് ചരിത്ര വിജയം കൈവരിച്ചത്. 2019ല്‍ പാട്ടരകത്ത് ചുണ്ടന്‍ സ്‌പോണ്‍സര്‍ ചെയ്ത യുവധാര പുറത്തൂരും ജേതാക്കളായി.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടനുബന്ധിച്ച് ഒരു മിനിറ്റ് ദുഃഖമാചരിച്ചാണ് വള്ളംകളി തുടങ്ങിയത് . ഔദ്യോഗിക ദുഃഖാചരണം നിലനിന്നതിനാല്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല.
വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സിനിമാ താരവും മിസ് കേരളയുമായ അനുപ്രശോഭിനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ തിരൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.




