പൊന്നാനി: ബിയ്യം കായലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി വളവ് റോഡ് സ്വദേശിയായ ചെറുവത്ത് വളപ്പില്‍ ബഷീറിന്റെ മകന്‍ അന്‍സിഫ്(15)ന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിയോടെ സംഭവ സ്ഥലത്ത് നിന്ന് തന്നെ കണ്ടെത്തിയത്. മുക്കം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ബിയ്യം കായലിലെ കുണ്ടുകടവ് പാലത്തിനുതാഴെ കുളിക്കാനിറങ്ങിയത്. കായലിന്റെ മറുകരയിലേക്ക് നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഒപ്പമുള്ള രണ്ടുപേര്‍ നീന്തി കരയില്‍ കയറിയെങ്കിലും അന്‍സിഫിനെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും ഫിഷറീസും മത്സ്യത്തൊഴിലാളികളും ചോര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.




