നിലമ്പൂര്‍: മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിന് വിട നല്‍കി രാഷ്ട്രീയ കേരളം. മലബാറില്‍ കോണ്‍ഗ്രസിന്റെ ശക്തിയായിരുന്ന ആര്യാടന്‍ മുഹമ്മദിന് (87) അന്ത്യാഞ്ജലിയേകാന്‍ ആയിരക്കണക്കിനു പേരാണ് ഒഴുകിയെത്തിയത്. നിലമ്പൂരിലെ വീട്ടിലും മലപ്പുറം ഡിസിസി ഓഫിസിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ച ശേഷം മുക്കട്ട വലിയ ജുമാമസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടത്തി.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഈ മാസം 14 മുതല്‍ ആര്യാടന്‍ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അന്ത്യം. ആര്യാടന്‍ ഉണ്ണീന്റെയും കദിയമുണ്ണിയുടെയും മകനായി 1935 മേയ് 15നു നിലമ്പൂരിലാണ് അദ്ദേഹം ജനിച്ചത്.
ആര്യാടന്‍ മുഹമ്മദ് 4 തവണ മന്ത്രിയും 8 തവണ നിലമ്പൂര്‍ എംഎല്‍എയുമായിട്ടുണ്ട്.




