ഹര്‍ത്താലില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍

കൊല്ലത്ത് ഹര്‍ത്താല്‍ ദിനത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്.

ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിവില്‍ പൊലീസ് ഓഫീസര്‍ നിഖില്‍ എന്നിവരെയാണ് ഷംനാദ് ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തിയത്. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

പട്രോളിംഗിനിടെ യാത്രക്കാരെ തടയാന്‍ ശ്രമിക്കുന്ന ഹര്‍ത്താല്‍ അനുകൂലികളെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസിന്റെ ബൈക്കില്‍ ഷംനാദ്, താന്‍ ഓടിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊലീസുകാര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അതേസമയം ഷംനാദ് നിര്‍ത്താതെ ബൈക്ക് ഓടിച്ച് കടന്നുകളയുകയുമായിരുന്നു. പ്രതിയെ പിടിക്കാന്‍ മറ്റ് പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല.

Share news
error: Content is protected !!
Scroll to Top