Section

malabari-logo-mobile

പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച; ജില്ലകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

HIGHLIGHTS : Polio vaccine distribution Sunday

സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുവനന്തപുരം: പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതുകൂടാതെ വിവിധ ജില്ലകളിലും ജില്ലാതല ഉദ്ഘാടനങ്ങള്‍ നടക്കും.

sameeksha-malabarinews

പോളിയോ ബൂത്തുകളില്‍ എത്തി തന്നെ എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണ്. പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവര്‍ത്തകരേയും അതത് കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികളാണെങ്കില്‍ നാലാഴ്ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നല്‍കിയാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തന സമയം. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും. പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കേണ്ടതാണ്.

കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ 5 വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!