
മലപ്പുറം : 29 വര്‍ഷം മുന്‍പ് മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് കാരാട്ട് നടന്ന സ്‌ഫോടന കേസിലെ പ്രതിയെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പന്‍തൊടി സ്വദേശി ചന്ദ്രശേഖരന്‍ (59) ആണ് പതിറ്റാണ്ടുകള്‍ക്കുശേഷം പോലീസ് പിടിയിലായത്.
1993-ല്‍ കാരാട്ട് സി.പി.എം. നടത്തിയ പ്രകടനത്തിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിലെ പ്രതിയാണ് ചന്ദ്രശേഖരന്‍ എന്ന മണി. സംഭവശേഷം ഒളിവില്‍പോയ ഇയാളെ പിന്നീട് പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. പ്രതി തൃശ്ശൂരില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് വീണ്ടും അന്വേഷണം ഊര്‍ജിതമാക്കി.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ തൃശ്ശൂരില്‍ വെച്ച് അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. സമദ് സിപിഒമാരായ ജയ മാധവ്, മധു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




