Section

malabari-logo-mobile

ഐഷ സുല്‍ത്താനയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു; ലാപ്‌ടോപ്പ് പിടിച്ചെടുത്തു

HIGHLIGHTS : Aisha Sultana questioned again by police; The laptop was seized

കൊച്ചി: ഐഷ സുല്‍ത്താനയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. എറണാകുളം കാക്കനാട്ടെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുന്‍കൂട്ടി അറിയിക്കാതെയാണ് കവരത്തിയില്‍ നിന്നുള്ള അഞ്ചംഗ പോലീസ് സംഘം കാക്കനാട്ടെ ഫ്‌ലാറ്റിലെത്തിയത്. സിനിമയുടെ ഡബ്ബിങുമായി ബന്ധപ്പെട്ട് പുറത്തായിരുന്ന ഐഷയെ വിളിച്ച് വരുത്തി.

മൂന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ട് നിന്നു. ഐഷയുടെ സഹോദരനെയും ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകളും, ഫ്‌ലാറ്റും പൊലീസ് പരിശോധിച്ചു. ഐഷയുടെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തോട് സഹകരിക്കുമെന്നും ഐഷ വ്യക്തമാക്കി. ചിലരുടെ അജണ്ടയുടെ ഭാഗമാണ് ചോദ്യം ചെയ്യല്‍ എന്ന് ഐഷ സുല്‍ത്താന പറഞ്ഞു. തന്റെ അനുജന്റെ ലാപ്‌ടോപ്പാണ് പിടിച്ചെടുത്തത്. അനുജന്റെ ബാങ്ക് ഇടപാടുകളും പരിശോധിച്ചു. കവരത്തി പോലീസ് തന്റെ വീട് മുഴുവനായും പരിശോധിച്ചു. തന്നെ ബുദ്ധിമുട്ടിക്കുകമാത്രമാണ് പോലീസിന്റെ ലക്ഷ്യം.പരിശോധനകള്‍ ഇനിയും ഉണ്ടായേക്കാം.

sameeksha-malabarinews

കേസിനു ആസ്പദമായ പരാമര്‍ശത്തെ കുറിച്ച് താന്‍ നേരത്തെ വിശദീകരിച്ചതാണെന്നും എങ്കിലും പരിശോധനകളും ചോദ്യം ചെയ്യലും തുടരുകയാണെന്നും അവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കവരത്തിയിലെത്തിയ ഐഷയെ അന്വേഷണ സംഘം മൂന്നു തവണ ചോദ്യം ചെയ്തിരുന്നു. കവരത്തി പൊലീസ് പിടിച്ച് വെച്ച ഐഷയുടെ ഫോണ്‍ തിരികെ നല്‍കിയിട്ടില്ല.

ലക്ഷദ്വീപില്‍ ചോദ്യംചെയ്യലിനിടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണും അന്ന് ഹാജരാക്കിയ ബാങ്ക് ഇടപാടുകളുടെ രേഖകളും പൂര്‍ണമായി പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ കവരത്തി പോലീസ് കൊച്ചിയിലെത്തി ചോദ്യം ചെയ്തത്. വീട്ടിലും പരിശോധന നടത്തി. ഐഷാ സുല്‍ത്താനയക്ക് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കുന്നില്ല എന്നതിന്റെ പ്രത്യക്ഷ സൂചനയാണ് തുടര്‍ച്ചയായുള്ള ചോദ്യംചെയ്യല്‍. ഹൈക്കോടതി ഐഷാ സുല്‍ത്താനയ്ക്ക് നിലവില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു.

അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സര്‍ക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പറയുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!