Section

malabari-logo-mobile

കേരളത്തിലെ കോവിഡ് നിരക്കിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി

HIGHLIGHTS : The Prime Minister expressed concern over the Covid rate in Kerala

ന്യൂഡല്‍ഹി: കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് നിരക്കുകളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം നടന്ന കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് രോഗികളുടെ എണ്ണം കുറയാത്തതില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.

രാജ്യത്തെ പലഭാഗങ്ങളിലും ജനങ്ങള്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇടപെടുന്നത് കാണാനാകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. കോവിഡിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും അശ്രാന്ത പരിശ്രമം തുടരുകയാണ്.

sameeksha-malabarinews

അതിനിടയില്‍ അശ്രദ്ധയ്ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ ഒരു തെറ്റ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും കോവിഡിനെ മറികടക്കാനുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുകയും ചെയ്യും.

വൈറസ് വകഭേദങ്ങളെ ഗൗരവത്തോടെ കാണണം. വാക്‌സിനേഷന്‍ വേഗത്തിലാക്കണം. ഉയര്‍ന്ന ജനസംഖ്യയാണെങ്കിലും എല്ലാവരിലും വാക്‌സിന്‍ എത്തിക്കണം. അതിലൂടെ വരും കാലങ്ങളില്‍ ഈ മഹാമാരിയെ മറികടക്കാന്‍ നമുക്ക് കഴിയും. മന്ത്രിമാര്‍ എന്ന നിലയില്‍, സാധ്യമായ എല്ലാ മുന്‍കരുതലുകളും തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി മുന്നോട്ടുള്ള പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പ്രധാനമന്തി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.15000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം.ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പണം പ്രധാനമായും ചെലവഴിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!