പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവിലായിരുന്ന പ്രതി പിടിയില്‍

കോട്ടക്കല്‍: പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവിലായിരുന്ന പ്രതി പിടിയിലായി. ഇന്ത്യനൂര്‍ സ്വദേശി നമ്പന്‍കുന്നത്ത് മുഹമ്മദ് സുഹൈല്‍ (21)നെയാണ് കോട്ടക്കല്‍ സി.ഐ സി യൂസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 ാം തിയ്യതിയാണ് ചട്ടിപ്പറമ്പിന് സമീപം മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ഖമറുദ്ദീനെ സുഹൈല്‍ ആക്രമിച്ചത്. പ്രതിയെ ബംഗളൂരുവില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നര കിലോ കഞ്ചാവ് മണ്ണാര്‍ക്കാട്ട് നിന്ന് പിടികൂടിയ സംഭവത്തില്‍ മുഹമ്മദ് സുഹൈലിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കോട്ടക്കലിലെത്തി കഞ്ചാവിന്റെ ആവശ്യക്കാരെന്ന നിലയില്‍ മുഹമ്മദ് സുഹൈലിനെ പൊലീസ് ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ എത്തിയത് പൊലീസാണെന്ന് തിരിച്ചറിഞ്ഞതോടെ മല്‍പ്പിടുത്തത്തിനിടെ ഖമറുദ്ദീനെ കുത്തി സുഹൈല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സുഹൈല്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് കണ്ടെടുത്തിരുന്നു. കാറും കസ്റ്റഡിയിലെടുത്തിരുന്നു.

എസ്.ഐ റിയാസ് ചാക്കീരി, സി.പിഒമാരായ ശരണ്‍, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബംഗളുരുവില്‍ നിന്ന് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles