അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി; നടി രൂപ ദത്ത അറസ്റ്റില്‍

കൊല്‍ക്കത്ത: അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റില്‍. ബംഗാളി ടെലിവിഷന്‍ നടിയായ രൂപ ദത്തയാണ് അറസ്റ്റിലായത്. ബിധാനഗര്‍ നോര്‍ത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം.

കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ചടങ്ങിന് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരാണ് നടിയെ പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേള നടക്കുന്നതിനിടെ ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്ക്ക് എറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് സംശയം തോന്നുക ആയിരുന്നു. തുടര്‍ന്ന്, പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗില്‍ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് ഇവര്‍ കൊല്‍ക്കത്തയിലെ സിനിമ-സീരിയല്‍ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മോഷണം നടത്തുന്നത് ഇവരുടെ പതിവായിരുന്നുവെന്നാണ് വിവരം. നടിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ തെറ്റായി ലൈംഗികാരോപണം ഉന്നയിച്ച് രൂപ ദത്ത വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അനുരാഗ് തനിക്ക് മോശം മെസേജുകള്‍ അയച്ചെന്നാരോപിച്ച് നടി ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വിട്ടിരുന്നു. ശേഷം നടന്ന അന്വേഷണത്തില്‍ അനുരാഗ് എന്ന് പേരുള്ള മറ്റൊരാള്‍ അയച്ച മെസേജുകള്‍ ആയിരുന്നു ഇവയെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top