പ്ലസ്ടു ബാച്ച്; കോഴ ആരോപണങ്ങള്‍ ശക്തമാകുന്നു; പ്രതിഷേധങ്ങളും

plus twoകോഴിക്കോട് : സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിന് പിറകില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണങ്ങള്‍ ശക്തമാകുന്നു. കോഴ ആവശ്യപ്പെട്ടുകൊണ്ട് പലരും തങ്ങളെ സമീപിച്ചതായുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വെളിപ്പെടുത്തലുകള്‍ വ്യാപകമായി പുറത്തു വരുന്നു. മലപ്പുറത്ത് നിന്നുള്ള ചിലര്‍ ബാച്ച് അനുവദിക്കുന്നതിനായി തങ്ങളോട് പണം ആവശ്യപ്പെട്ടെന്ന് കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ വസന്തരാജന്‍ ഒരു ചാനലിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അതോടൊപ്പം വിദ്യഭ്യാസമന്ത്രിയുമായി വ്യക്തിപരമായ ബന്ധമുള്ളതിനാല്‍ ഇതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന വസന്തരാജിന്റെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതേ തരത്തില്‍ എം ഇ എസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍ പ്ലസ് ടു ബാച്ചുകള്‍ക്കായി പണം നല്‍കാന്‍ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. പലയിടങ്ങളിലും മുസ്ലീം ലീഗിന്റെ രണ്ടാം നിര നേതാക്കളും, മലപ്പുറത്തെ ചില സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുമാണ് ഇടനിലക്കാരായി ഈ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളോടും, പൊതുജനങ്ങളോടും ഒരു തുറന്ന സംവാദത്തിന് വിദ്യഭ്യാസമന്ത്രി തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഇതിനിടെ പ്ലസ്ടുവിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധങ്ങളും ശക്തമാകുകയാണ്. തിരുവനന്തപുരത്ത് വിദ്യഭ്യാസമന്ത്രിയുടെ മന്ദിരമായ ഗ്രേസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലിസ് ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു. സമരസ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ചേറൂട്ടി റോഡില്‍ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രത്തില്‍ പ്രസംഗിക്കാനെത്തിയ മന്ത്രിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വരും ദിനങ്ങളില്‍ സമരങ്ങള്‍ ശക്തമാകുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top