പ്ലസ് ടു-പ്രവേശനം: ഏകജാലകം തുറക്കുമ്പോള്‍ സ്‌കൂളുകള്‍ക്കും മാര്‍ക്കിടണ്ടേ?

പ്രോഫി .പി .എസ്സ്

ഏകജാലക സംവിധാനത്തില്‍ പ്ലസ് – വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ചിന്താകഴപ്പമുണ്ടാക്കുന്ന ചോദ്യമാണ് ഏതാണ് മികച്ച സ്‌കൂള്‍ എന്നത്. പ്രസ്തുത ചോദ്യത്തിന് ഉത്തരമേകി വഴി നീളെ സ്‌കൂളുകള്‍ വലിച്ചുകെട്ടിയ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിരത്തിയിട്ടുണ്ടാവും. കണക്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കും വിധം മിക്ക സ്‌കൂളുകളും അവതരിപ്പിച്ചിട്ടുമുണ്ടാകും. ഇത്തരം മാര്‍ക്കറ്റിംങ് തന്ത്രങ്ങളില്‍പ്പെട്ട് ആശയക്കുഴപ്പത്തിലാവുന്നത് പാവപ്പെട്ട വിദ്യാര്‍ത്ഥികളാണ് . ഇങ്ങനെയുള്ള കബളിപ്പിക്കലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനുള്ള ചുമതല പൊതുവിദ്യാഭ്യാസ വകുപ്പിന് തന്നെയാണ്.

പരീക്ഷാ ഫലം ഏറെ വിശകലനങ്ങള്‍ക്ക് വിധേയമാക്കുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ തന്ത്രങ്ങളുടെ ഉപയോഗം നിരവധി സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാലവയൊന്നും തന്നെ ഏതാണ് മികച്ച സ്‌കൂളുകള്‍ എന്ന പരമപ്രധാനമായ ചോദ്യത്തിന് വസ്തുനിഷ്ഠമായ ഉത്തരം നല്‍കാന്‍ പര്യാപ്തമല്ല. ഈയൊരു പ്രശ്‌നം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാവുന്ന മാര്‍ഗമാണ് താഴെ വിശദമാക്കുന്നത്

ഒരു സ്‌കൂളിന്റെ പ്രകടനം വിലയിരുത്തേണ്ടത് അതിന് ആകെ ലഭിച്ച എപ്ലസ്സുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലോ, വിജയശതമാനത്തിന്റെ അടിസ്ഥാനത്തിലോ മാത്രമല്ല അതോടൊപ്പം സ്‌കൂളില്‍ പ്രവേശനം ലഭിച്ച കുട്ടികളില്‍ രണ്ടു വര്‍ഷം കൊണ്ട് ആപേക്ഷികമായി എത്രമാത്രം ബൗദ്ധിക പുരോഗതി ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാവണം. അത്തരമൊരു പഠനത്തിന് ഓരോ സ്‌കൂളിലും പ്രവേശനം നേടി വരുന്ന കുട്ടികളുടെ മികവും (ഇന്‍പുട്ട് ) രണ്ടു വര്‍ഷത്തെ പഠനത്തിനു ശേഷം സ്‌കൂളുകളില്‍ നിന്ന് പുറത്തേക്ക് പോവുന്ന കുട്ടികളുടെ മികവും (ഔട്ട്പുട്ട്) തമ്മിലുള്ള താരതമ്യ പഠനം അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു രീതിയില്‍ ചിലപ്പോള്‍ സാമൂഹ്യപരമായും സാമ്പത്തികപരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ഒരു ഉള്‍ഗ്രാമത്തിലെ സ്‌കൂളായിരിക്കും സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി വിലയിരുത്തപ്പെടുന്നത്. അതു കൊണ്ടു തന്നെ ഇത്തരമൊരു താരതമ്യ പഠനത്തിന് വിമര്‍ശനങ്ങളേറെയുണ്ടായേക്കാം. ഇനി ഈ മൂല്യനിര്‍ണയ രീതിയുടെ പ്രയോഗം വിവരിക്കാം.

പത്താം ക്ലാസ് പരീക്ഷ പാസ്സവുന്ന ഒരോ കുട്ടിയും സ്വന്തം പ്രകടനത്തെ പ്രതിനിധാനം ചെയ്യുന്ന ഗ്രേഡുകള്‍ക്കു പുറമേ GPA [ ഗ്രേഡ് പോയിന്റ് ആവറേജ് എന്ന ഒരു സംഖ്യാ സൂചകം കൂടി ലഭ്യമാക്കണം. ഏകജാലക സംവിധാനത്തില്‍ പ്രവേശന പ്രക്രിയ യുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഖ്യാ സൂചകം (WGPA)കണക്കാക്കാറുണ്ട്. പക്ഷേ അതില്‍ പല തരം ബോണസ് മാര്‍ക്കുകള്‍ ഉള്‍പ്പെടുന്നു. GPA പൂര്‍ണമായും സര്‍ട്ടിഫിക്കറ്റിലെ ഗ്രേഡുകളില്‍ അധിഷ്ഠിതമായിരിക്കണം.

ഒരു സ്‌കൂളില്‍ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയ എല്ലാ കുട്ടികളുടേയും GPA തമ്മില്‍ കൂട്ടിയ ശേഷം ആകെ കുട്ടികളുടെ എണ്ണം കൊണ്ട് ഹരിക്കുമ്പോള്‍ സ്‌കൂളിന്റെ GPA ലഭ്യമാക്കും. അത് സ്‌കൂളിലെ ആകെ കുട്ടികളുടെ നിലവാരത്തിന്റെ ശരാശരി സൂചിപ്പിക്കന്നു.
ഈ സൂചകം സ്‌കൂളിന്റെ ഇന്‍പുട്ടായി കണക്കാക്കാം. രണ്ടു വര്‍ഷത്തെ പഠനത്തിനു ശേഷം പ്ലസ്-2 പരീക്ഷ കഴിഞ്ഞിറങ്ങുന്ന ഒരോ കുട്ടിയുടേയും 12-ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട GPA തമ്മില്‍ കൂട്ടി ആകെ കുട്ടികളുടെ എണ്ണവുമായി ഹരിച്ചാല്‍ സ്‌കൂളിന്റെ പ്രകടനവുമായി ബന്ധപ്പെട്ട സംഖ്യാ സൂചകം ലഭ്യമാകും. ഈ സൂചകം സ്‌കൂളിന്റെ ഔട്ട്പുട്ട് സൂചകം ആയി കണക്കാക്കാം. ഇങ്ങനെ നമുക്ക് ഇന്‍പുട്ട് – ഔട്ട്പുട്ട് താരതമ്യ പഠനം വസ്തുനിഷ്ഠമായി നടത്താന്‍ സാധിക്കും. ഇതു തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിലും ധസയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് പ നടത്താന്‍ സാധിക്കും.സംസ്ഥാന അടിസ്ഥാനത്തിലും ഇതേ പഠനം ലളിതമായി നടത്താനാവും.

ഇപ്പോഴത്തെ സഹചര്യത്തില്‍ മോശം ഇന്‍പുട്ടിനെ മികച്ച ഔട്ട്പുട്ടാക്കി മാറ്റുന്ന പല സ്‌കൂളുകള്‍ക്കും അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതിരിക്കുന്ന അവസ്ഥ നിലവിലുണ്ട്. അതുപോലെ ഏറ്റവും മികച്ച ഇന്‍പുട്ടിനെ ഉപയോഗിച്ച് അത്ര മികവില്ലാത്ത ഔട്ട് പുട്ടുണ്ടാക്കി അനര്‍ഹമായ അംഗീകാരം നേടുന്ന സ്‌കൂളുകളുമുണ്ട്.സ്‌കൂളുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരപ്രവണതകള്‍ ഒഴിവാക്കി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കാന്‍ അധികാരികള്‍ തയ്യാറായാല്‍ പൊതുവിദ്യാഭ്യാസം കൂടുതല്‍ കരുത്താര്‍ജിക്കും എന്നതില്‍ സംശയമില്ല.

ഈ രീതി അവലംബിക്കുമ്പോള്‍ പ്ലസ് – 2 ഫലം വരുമ്പോള്‍ തന്നെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മികച്ച ഇന്‍പുട്ട്’ – ഔട്ട്പുട്ട് അനുപാതം നേടിയ സ്‌കൂളുകളുടെ പട്ടികയും പ്രസിദ്ധീകരിക്കാം.
ഈ പട്ടികയുടെ അടിസ്ഥാനത്തിലാവും പിന്നീട് കുട്ടികള്‍ സ്‌കൂളുകള്‍ തെരഞ്ഞെടുക്കുക. അതു കൊണ്ടു തന്നെ അധ്യാപകരുടെ ശ്രദ്ധ കൂടുതല്‍ A+, കൂടുതല്‍ വിജയശതമാനം എന്നതില്‍ നിന്നും മാറി ഓരോ കട്ടിയേയും മികവിന്റെ ഔന്നത്യത്തിലേക്കെത്തിക്കുക എന്നതിനാവും.ഓരോ കുട്ടിക്കും വ്യക്തിനിഷ്ഠമായ പരിഗണന കിട്ടുന്ന സഹചര്യമുണ്ടാവുകയും സര്‍വോപരി അവിടെ വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം സാര്‍ത്ഥകമാവുകയും ചെയ്യും എന്നുറപ്പാണ്.

എല്ലാ വിധ ചിന്താ കുഴപ്പങ്ങള്‍ക്കും കൃത്യമായ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒന്നായിരിക്കണം മൂല്യനിര്‍ണയ സങ്കേതങ്ങള്‍ . ഒരു മൂല്യനിര്‍ണയ രീതിയും പൂര്‍ണമായും കുറ്റവിമുക്തമല്ല. എങ്കിലും അതിന്റെ പോരായ്മകള്‍ നല്ലൊരു പരിധി വരെയെങ്കിലും കുറച്ചു കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഉത്തരവാദിത്വമുള ഭരണകൂടത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് . പൊതു വിദ്യാഭ്യാസം ശാക്തീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ നടപടികള്‍ക്ക് കരുത്തേകാന്‍ ഈ രീതി സഹായകരമാകും.

( ലേഖകന്‍ മലപ്പുറം അരിയല്ലൂര്‍ എംവിഎച്ച്എച്ച്എസ് സ്‌കൂളിലെ ഹയർ സെക്കന്ററി അധ്യാപകനാണ്‌)

Related Articles