Section

malabari-logo-mobile

പ്ലസ്ടു: കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി

HIGHLIGHTS : Plus two: 15-member committee to update chemistry answer key

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചിക പുന:പരിശോധിച്ച് പുതുക്കിനൽകുന്നതിനായി 15 അംഗ അധ്യാപക സംഘത്തെ നിയോഗിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിൽ മൂന്ന് പേർ ഗവേഷണ ബിരുദമുള്ള കോളജ് അധ്യാപകരാണ്. ഇവർ നൽകുന്ന പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബുധനാഴ്ച (4) പുന:രാരംഭിക്കും.  ഈ നടപടി കാരണം പരീക്ഷാ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്ക വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘർഷവും സർക്കാർ ഗൗരവമായി കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് ഇരട്ട മൂല്യ നിർണയമാണ് നിലവിലുള്ളത്. അത് കൊണ്ട് തന്നെ വിദ്യാർത്ഥിക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ല. ചില അധ്യാപകർ നടത്തുന്ന കെമിസ്ട്രി പരീക്ഷാ മൂല്യനിർണയ ബഹിഷ്‌ക്കരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

രണ്ടാം വർഷ ഹയർ സെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 28 നാണ് ആരംഭിച്ചത്. അപ്പോഴാണ് കെമിസ്ട്രി മൂല്യനിർണയത്തിന്റെ വിഷയം ഉയർന്നുവന്നത്. ഹയർ സെക്കൻഡറിയിൽ 106 വിഷയങ്ങളിലായി 23,622 അധ്യാപകരെയും എസ് എസ് എൽ സിക്ക് 9 വിഷയങ്ങളിലായി 21,000 അധ്യാപകരെയുമാണ് മൂല്യനിർണയത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇതിൽ ഹയർ സെക്കൻഡറിയിലെ കെമിസ്ട്രി വിഷയത്തിലെ ഒരു വിഭാഗം അധ്യാപകർ മാത്രമാണ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. ഇത് പരീക്ഷാ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമായേ കാണാൻ കഴിയു. സാധാരണ നിലയിൽ ഒരു അധ്യാപകനും പരീക്ഷാ സംബന്ധമായി രഹസ്യ സ്വഭാവമുള്ള കാര്യങ്ങളും പാലിച്ചിരിക്കേണ്ട പരീക്ഷാ സംബന്ധമായ അച്ചടക്കവും ലംഘിക്കാറില്ല. സോഷ്യൽ മീഡിയ കൂട്ടായ്മയിൽപ്പെട്ടുപോയ നിരപരാധികളായ അധ്യാപകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ കാര്യത്തിൽ എസ്.സി.ഇ.ആർ.ടി.യുടെ മേൽനോട്ടത്തിലാണ് ചോദ്യകടലാസ് നിർമ്മാണം നടത്തുന്നത്. ഓരോ വിഷയത്തിനും 6 വരെ സെറ്റ് ചോദ്യക്കടലാസുകൾ നിർമ്മിക്കാറുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക. ചോദ്യ കടലാസ് നിർമ്മിക്കുന്ന ആൾ തന്നെ ആയതിന്റെ ഉത്തരസൂചികയും തയാറാക്കി നൽകുന്നുണ്ട്. എന്നിരുന്നാലും മാനുഷ്യസഹജമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകൾ ഉണ്ടോ എന്ന് തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ മേൽ നോട്ടത്തിൽ പരിശോധിക്കാറുണ്ട്. അത്തരത്തിൽ പുനപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കി നൽകുന്ന ഉത്തരസൂചിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഈ വർഷത്തെ കെമിസ്ട്രി ഉത്തരസൂചികയിൽ ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടുതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലും ക്രമീകരിച്ചത് ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ചെയർമാന്റെ വിവേചന അധികാരം ഉപയോഗിച്ച് ചോദ്യകർത്താവ് നൽകിയ ഉത്തര സൂചിക കഴിഞ്ഞ ഏപ്രിൽ 26ന് പ്രസിദ്ധീകരിച്ചിരുന്നു. വേഗത്തിൽ പരാതികൾ അറിയിക്കാനുള്ള ധാരാളം സംവിധാനങ്ങൾ ഉണ്ടായിട്ടും മൂല്യനിർണയ ദിവസം വരെ ഒരുവിധത്തിലുള്ള പരാതിയും ആരും നൽകിയില്ല. മൂല്യനിർണയം തുടങ്ങിയ ഏപ്രിൽ 28 മുതൽ മൂന്നു ദിവസമായി പരീക്ഷാ ജോലിയിൽ നിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ആരുടെയും രേഖാപരമായ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!