Section

malabari-logo-mobile

നടക്കില്ലെന്ന് പറഞ്ഞ പല പദ്ധതികളും യാഥാര്‍ത്ഥ്യമാക്കി, പഴയ സര്‍ക്കാരല്ല ഇത് – പിണറായി വിജയന്‍

HIGHLIGHTS : Pinarayi vijayan explains LDF goverment achevements

തിരുവനന്തപുരം: നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാര്‍ത്ഥ്യമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാര്‍ഥ അവകാശികള്‍. തടസങ്ങള്‍ സൃഷ്ടിക്കാന്‍ നിന്നവര്‍ക്ക് തെറ്റ് പറ്റി. പഴയ സര്‍ക്കാറല്ല ഇതെന്ന് അവര്‍ക്ക് ബോധ്യമായി. ചെയ്യാന്‍ കഴിയുന്നതേ പറയൂവെന്നും പറയുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ സമാപനസമ്മേളനം പുത്തരിക്കണ്ടത്തെ നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനനേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം

ജനങ്ങള്‍ വിഷമത്തിലാകുമ്പോള്‍ അതിനുമുന്നില്‍ നിസ്സഹായതയോടെ തലയില്‍ കൈവച്ചിരിക്കുന്ന സര്‍ക്കാരല്ല നാടിന് വേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉചിതമായ ഇടപെടല്‍ ഈ സര്‍ക്കാര്‍ നടത്തിയോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. പലവട്ടം അത് നടത്തിക്കഴിഞ്ഞു. ഇനിയും അങ്ങനെതന്നെയാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. യുഡിഎഫിന്റെയും ബിജെപിയുടെയും കുപ്രചാരണത്തില്‍ ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്ന ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ 600 വാഗ്ദാനത്തില്‍ 570 എണ്ണവും പൂര്‍ണമായും നടപ്പാക്കിയാണ് എല്‍ഡിഎഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്.

sameeksha-malabarinews

ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഒന്നിനുപോലും പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചില്ല. രാഷ്ട്രീയമായ ഭിന്നതയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ എന്തിനാണ് എതിര്‍ക്കുന്നത്. അധികാരത്തിലെത്തിയാല്‍ കേരളബാങ്ക് പിരിച്ചുവിടുമെന്നാണ് യുഡിഎഫ് പറയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍നിന്നടക്കം കേരളബാങ്കിനെക്കുറിച്ച് പഠിക്കാന്‍ സംഘങ്ങള്‍ എത്തുമ്പോഴാണ് ഇത്.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനാകുമെന്ന ധാരണയിലാണ് ഇപ്പോള്‍ യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍കൊണ്ട് ഈ സര്‍ക്കാരിനെ വിലയിരുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളികളെ അത്ര പെട്ടെന്നൊന്നും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് തകരാത്തതെന്ന് എല്‍ഡിഎഫിനെ ആക്രമിക്കാന്‍ പുറപ്പെടുന്ന ദേശീയ നേതാക്കള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പദവിയിലിരുന്ന് പറയേണ്ട കാര്യങ്ങളല്ല രാഹുല്‍ ഗാന്ധി പറയുന്നത്. എല്‍ഡിഎഫിനെ ആക്രമിക്കാന്‍ വലിയ ഉത്സാഹം കാട്ടുന്നത് ആരെയാണ് സഹായിക്കുകയെന്ന് തിരിച്ചറിയണം. അതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമോ. പുതുച്ചേരിയില്‍ എന്തുചെയ്യാന്‍ കഴിഞ്ഞു. ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലേക്ക് പോകാന്‍ എന്താണ് രാഹുല്‍ ഗാന്ധിക്ക് മടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!