മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിക്കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും ഭീഷണിയുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഇന്നലെ എസ്ഡിപിഐയുടെ പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയേയും തെറി പറഞ്ഞല്ലെയെന്ന് ചോദിച്ചുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. പിണറായിയെയും റഹീമിനെയും നോക്കി വച്ചിട്ടുണ്ടെന്നും കൊന്നു കളയുമെന്നുമാണ് ഭീഷണി. നീ പോയി ഉശിരില്ലാത്ത ബിജെപിക്കാരോട് വായിട്ടലയ്ക്കണം. ഞങ്ങളോടു വേണ്ട. വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്നും ഇത് ബിജെപിയോ ആര്‍എസ്എസോ അല്ലെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംഭവത്തില്‍ റഹീം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കത്ത് പൊലീസിന് കൈമാറി. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles