പി.ജി. മിനി ടീച്ചര്‍ വിരമിച്ചു

പരപ്പനങ്ങാടി: മൂന്നര പതിറ്റാണ്ടിലധികം നീണ്ടുനിന്ന അധ്യാപന ജീവിതത്തില്‍ നിന്ന് ജി.എം.എല്‍.പി. സ്‌കൂള്‍ പരപ്പനങ്ങാടിയിലെ (അങ്ങാടി) പ്രധാനധ്യാപിക പി.ജി. മിനി ടീച്ചര്‍ വിരമിച്ചു. മികച്ച അധ്യാപിക, സംഘാടക, സഹകാരി, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളില്‍ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ടീച്ചര്‍.

1989-ല്‍ എ.എല്‍.പി.എസ്. കുറ്റൂര്‍ നോര്‍ത്തില്‍ നിന്നാണ് മിനി ടീച്ചര്‍ തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ജി.യു.പി.എസ്. കറുക, ജി.യു.പി.എസ്. വലിയോറ, നെടുവ ജി.എച്ച്.എസ്, ജി.എഫ്.എല്‍.പി. കടലുണ്ടി, ജി.എല്‍.പി.എസ്. പരപ്പനങ്ങാടി (ചെട്ടിപ്പടി) എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ജി.എല്‍.പി.എസ്. നന്നമ്പ്രയിലാണ് ആദ്യമായി പ്രധാനധ്യാപികയായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജി.എം.എല്‍.പി. സ്‌കൂള്‍ പരപ്പനങ്ങാടിയിലെ പ്രധാനധ്യാപികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

തീരദേശ സ്‌കൂളിന്റെ അക്കാദമികമായ മുന്നേറ്റത്തിനു മിനി ടീച്ചര്‍ നല്‍കിയ മാതൃകാപരമായ നേതൃത്വം ശ്രദ്ധേയമാണ്. കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി നിരവധി നൂതന പദ്ധതികളാണ് ടീച്ചറുടെ കീഴില്‍ നടപ്പിലാക്കിയത്. അധ്യാപക സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങളിലൂടെയും സഹപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരിയായി മാറാന്‍ ടീച്ചര്‍ക്ക് സാധിച്ചു.

ടീച്ചറുടെ വിരമിക്കലിനോടനുബന്ധിച്ച് പി.ടി.എയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ‘സ്‌നേഹപൂര്‍വ്വം മിനി ടീച്ചര്‍ക്ക്’ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഒരു അധ്യാപിക എന്നതിലുപരി പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ടീച്ചര്‍ സജീവമായി ഇടപെട്ടിരുന്നു.

അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ നരേന്ദ്ര ദേവ് ആണ് ഭര്‍ത്താവ്. മക്കള്‍: നമിത, ഡോ. നിഖില്‍.

Share news
error: Content is protected !!
Scroll to Top