
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അറസ്റ്റ് നടപടികൾക്ക് മുന്നോടിയായി നടത്തിയ വൈദ്യ പരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി.
യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റ് ഉണ്ടായത് .
ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു.തുടര്‍ന്ന് ഉടന്‍ തന്നെ കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




