പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനഃശാസ്ത്ര, ജയില്‍ സ്വഭാവ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പരമോന്നത കോടതി നിര്‍ദ്ദേശിച്ചു. ശിക്ഷ ലഘൂകരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മനഃശാസ്ത്ര പരിശോധനയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് ആര്‍എസ് ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ വിചാരണക്കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്.

2016 ഏപ്രില്‍ 28ന് രാത്രി എട്ട് മണിയോടെയാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.കൊലയാളി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് മെയ് എട്ടിന് പൊലീസിന് സൂചന ലഭിച്ചു. മെയ് 14ന് കൊലയാളിയുടെ ഡിഎന്‍എ ഫലം പുറത്തുവന്നതാണ് കേസില്‍ വഴിത്തിരിവായത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നു പിടിയിലാകുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top