Section

malabari-logo-mobile

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍...

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി.ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നും ഈ മുന്നേറ്റം ഇതേരീതിയില്‍ തുടരാന്‍ കഴിയണമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. എം.എല്‍.എ മാരും, ജനപ്രതിനിധികളും ആരോഗ്യ വകുപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് വലിയ പിന്തുണയാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക തലത്തില്‍ രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ശേഷിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അതുകൂടി മാറുമ്പോള്‍ പഞ്ചായത്ത് തലത്തില്‍ തന്നെ രോഗപ്രതിരോധത്തില്‍ ഊന്നിക്കൊണ്ട് വലിയ മാറ്റം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാറ്റങ്ങള്‍ സാധാരണ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കൊണ്ടാണ് അനുഭവിക്കാന്‍ സാധിക്കുക. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ തന്നെ അത് അനുഭവവേദ്യമായെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കാന്‍ തുടങ്ങി. പാവപ്പെട്ട ആളുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും ഇടത്തരകാര്‍ക്ക് താങ്ങാനാവുന്ന ചികിത്സയും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.2019-20 സാമ്പത്തിക വര്‍ഷത്തെ കിഫ്ബി പദ്ധതിയില്‍ നിന്നും 1,31,66115( ഒരു കോടി മുപ്പത്തി ഒന്നുലക്ഷത്തി അറുപത്തി ആറായിരത്തി ഒരുനൂറ്റി പതിനഞ്ച്) രൂപയും ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള 50 ലക്ഷം രൂപയും ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു സമയം ഒന്‍പത് പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്. ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ടെക്‌നീഷ്യന്മാരുടെയും സ്റ്റാഫ് നഴ്സുമാരുടെയും സേവനങ്ങള്‍ ലഭ്യമാക്കും. നിരവധി രോഗികള്‍ ജില്ലക്ക് പുറത്തുപോയി ഡയാലിസിസ് ചെയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരമാവുകയാണ്. യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ നാലു ഷിഫ്റ്റുകളിലായി 36 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് സാധിക്കും. സാധാരണക്കാരുടെ ചികിത്സാ ചെലവ് ഗണ്യമായി കുറക്കുക, പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക എന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുക എന്നതാണ് പദ്ധതി നടപ്പാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഡയാലിസിസ് ചെയ്യുന്നതിനായി പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്നുള്ള രോഗികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി.ഷാജി, ഏലംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുകുമാരന്‍, വെട്ടത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി.നൗഷാദലി,ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അഷറഫ്, പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സിലര്‍ ഹുസൈന, എന്‍.എച്ച്. എം. പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ആരതി രഞ്ജിത്, വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ചമയം ബാപ്പു, വ്യാപാരി സമിതി പ്രസിഡന്റ് വി.പി.അബ്ബാസ് ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!