ലാസ്റ്റ്ഗ്രേഡ് റാങ്ക്ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് മൂന്നു വരെ നീട്ടി ; മുഖ്യമന്ത്രി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് മൂന്നു വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതുകൊണ്ടുതന്നെ ഏപ്രില്‍, മെയ് മാസങ്ങളില്‍ റിട്ടയര്‍മെന്റ്മൂലം വരുന്ന ഒഴിവുകളും ഇപ്പോഴത്തെ ലിസ്റ്റിലുള്ളവര്‍ക്ക് ലഭിക്കും.ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പി. എസ്. സി വഴി പോലീസില്‍ 13825 നിയമനങ്ങള്‍ നടത്തി. കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 4,791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്.

സിപിഒ ലിസ്റ്റിന്റെ കാലാവധി കഴിയുന്നതിനുമുമ്പു തന്നെ 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി രണ്ട് റാങ്ക്‌ലിസ്റ്റുകളാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ പി.എസ്.സി പ്രസിദ്ധീകരിച്ചത്. ആകെ 11,420 പേര്‍ക്കാണ് നിയമനം നല്‍കിയത്. ഇതില്‍ വയനാട്, പാലക്കാട്, മലപ്പുറം മേഖലയിലെ ആദിവാസി വിഭാഗത്തിലെ യുവതീയുവാക്കള്‍ക്കായി സൃഷ്ടിച്ച 200 തസ്തികകളുമുണ്ട്.

ഇതിനുപുറമെ സംസ്ഥാനത്ത് ആദ്യമായി വനിതാ ബറ്റാലിയന് രൂപം നല്‍കി. 400 കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ഇതിനായി മാത്രം സൃഷ്ടിച്ചു. ആകെ 1666 വനിതകള്‍ക്ക് പോലീസില്‍ നിയമനം ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതുകൂടാതെ ഇന്ത്യ റിസര്‍വ്വ് ബറ്റാലിയനിലേക്കുള്ള 739 നിയമനം ഉള്‍പ്പെടെ ആകെ 13,825 പേര്‍ക്കാണ് പൊലീസില്‍ നിയമനം നല്‍കിയത്.
ഈ സര്‍ക്കാര്‍ വന്ന ശേഷം പോലീസ് വകുപ്പില്‍ 3971 സ്ഥിരം തസ്തികകളും 863 താല്‍ക്കാലിക തസ്തികകളും പുതുതായി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും അവസരം നല്‍കുന്നതിനും അര്‍ഹതപ്പെട്ട ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാരിന്റേത്. ഈ സര്‍ക്കാര്‍ വന്ന ശേഷം 1,57,909 നിയമന ശുപാര്‍ശകളാണ് പി.എസ്.സി നല്‍കിയിട്ടുള്ളത്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ നിയമനങ്ങളും നിയമന ശുപാര്‍ശകളും ഈ സര്‍ക്കാര്‍ നടത്തി. ഈ സര്‍ക്കാരിന്റെ നാലു വര്‍ഷം ഏഴു മാസക്കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തില്‍ 2016-20 കാലയളവില്‍ 19,120 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. 2011-16 കാലയളവില്‍ ഇത് 17,711 ആയിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനന്തമായി റാങ്ക്‌ലിസ്റ്റുകള്‍ നീട്ടുന്നത് ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം ജോലി ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുക. റാങ്ക് ലിസ്റ്റില്‍ വന്നതിനേക്കാള്‍ എത്രയോ അധികം യുവാക്കളും യുവതികളും ലിസ്റ്റിന് പുറത്ത് പരീക്ഷയെഴുതാനുള്ള യോഗ്യതയോടെ ഉണ്ടാവും. പരീക്ഷകള്‍ സമയബന്ധിതമായി നടത്തുകയും ലിസ്റ്റുകള്‍ യഥാസമയം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ പരീക്ഷകളില്‍ മത്സരിക്കുന്നതിന് അവസരമുണ്ടാക്കും. കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ വകുപ്പുകള്‍ക്ക് ലഭിക്കുന്നതിനും അത് സഹായകമാകും. ലിസ്റ്റുകള്‍ അനന്തമായി നീട്ടുന്നതും അതിന്റെ ഭാഗമായി അടുത്ത ലിസ്റ്റിന്റെ കാലയളവില്‍ ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ പോലും നല്‍കുന്നതും പുതിയ തലമുറക്ക് അവസരം നിഷേധിക്കുന്നതിന് തുല്യമാണ്.

കേന്ദ്ര സര്‍ക്കാരിലും മറ്റും റാങ്ക്‌ലിസ്റ്റുകള്‍ക്ക് കേരളത്തിലെ അത്രയും കാലാവധിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം 5910 ആണ്. അതിലൊന്നും വ്യക്തമായ മാനദണ്ഡമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷമായവരെയടക്കം സ്ഥിരപ്പെടുത്തി. വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യരായവരെ സ്ഥിരപ്പെടുത്താനാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. 10 വര്‍ഷത്തിലധികം സര്‍വീസുള്ള പി.എസ്.സിക്ക് വിടാത്ത തസ്തികളിലേക്ക് മാത്രമാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്.

 

 

 

 

Share news
error: Content is protected !!
Scroll to Top