ഒരു ദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്ത് തട്ടും ; മറഡോണയെ അനുസ്മരിച്ച് പെലെ

മറഡോണയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് കായിക ലോകം. മറഡോണയുടെ വിയോഗം കായിക ലോകത്തെ ദുഃഖത്തിലാഴ്ത്തി .ലോകമെങ്ങുമുള്ള കായിക താരങ്ങളും ക്ലബുകളും കായിക പ്രേമികളും ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.

‘എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെയും ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടപ്പെട്ടിരിക്കുന്നു.ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.പക്ഷെ ഇപ്പോഴത്തേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ. ഒരു ദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്ത് തട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം പെലെ വൈകാരികമായി കുറിച്ചത്.
ലയണല്‍ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയതിങ്ങനെ- ‘ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങള്‍ മരിക്കുന്നില്ല. കാരണം നിങ്ങള്‍ അനശ്വരനാണ്’.
താരതമ്യമില്ലാത്തൊരു മാന്ത്രികന്‍ വളരെ വേഗത്തില്‍ വിട പറഞ്ഞിരിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറിച്ചു.

ഇതിഹാസമെന്നെഴുതി മറഡോണയുടെ ചിത്രം നെയ്മര്‍ പോസ്റ്റ് ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഉസൈന്‍ ബോള്‍ട്ട് തുടങ്ങി നൂറുകണക്കിന് കായിക താരങ്ങളും ക്ലബുകളും നിരവധി രാഷ്ട്ര തലവന്മാരും രാഷ്ട്രീയ നേതാക്കളും ആദരാഞ്ജലികളര്‍പ്പിച്ചു. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് ആദരസൂചകമായി മൗനം ആചരിച്ചു. താരത്തിന്റെ വിയോഗത്തില്‍ അര്‍ജന്റീന മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു .

 

Share news
 • 6
 •  
 •  
 •  
 •  
 •  
 • 6
 •  
 •  
 •  
 •  
 •