Section

malabari-logo-mobile

സ്വാഭാവിക നര്‍മ്മ നിമിഷങ്ങളുടെ ഘോഷയാത്ര; ജീവിതാനുഭവങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകളുമായി ‘പാച്ചുവും അത്ഭുത വിളക്കും’

HIGHLIGHTS : A procession of naturally humorous moments; patchuvum albhutha vilakkum with realizations that give life experiences

അലാവുദ്ദീന്റെ അത്ഭുതവിളക്ക് നമുക്കേവര്‍ക്കും എന്നും ഫാന്റസി ജനിപ്പിക്കുന്നൊരോര്‍മ്മയാണ്. അത്തരം ഫാന്റസികളൊന്നുമില്ലെങ്കിലും ചെറിയ കാര്യങ്ങളിലെ വലിയ അത്ഭുതങ്ങളിലൂടെയാണ് പാച്ചുവിന്റെ ജീവിതത്തിലേക്കും ഒരു ജീവിക്കുന്ന അത്ഭുതവിളക്ക് വന്നെത്തുന്നത്. പാച്ചുവിന് അതിന് ശേഷം പുതിയ സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്, നിയോഗങ്ങളാണ്. പാച്ചുവിന്റേയും അയാളുടെ ചുറ്റിനുമുള്ളവരുടെയും ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കുന്ന ആ അത്ഭുതത്തിന്റെ കഥ പറയുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ‘പാച്ചുവും അത്ഭുതവിളക്കും’.

കുടുംബ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ എഴുതി സംവിധാനം ചെയ്ത ചിത്രം അടിമുടി ഒരു ഫാമിലി ഫീല്‍ ഗുഡ് സിനിമയാണ്. കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ സംഭാഷണങ്ങളിലൂടെ സ്വഭാവിക നര്‍മ്മങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് നിറയ്ക്കുന്ന, തിയറ്ററില്‍ പൊട്ടിച്ചിരി സമ്മാനിക്കുന്നൊരു അനുഭവമാക്കിയിരിക്കുകയാണ് ‘പാച്ചുവും അത്ഭുതവിളക്കും’.

sameeksha-malabarinews

മുംബൈയില്‍ ഒരു ആയുവേദ ക്ലിനിക്കിന്റെ ഫ്രാഞ്ചൈസി നടത്തി ജീവിക്കുന്നൊരു സാധാരണക്കാരനാണ് പ്രശാന്ത്. അടുപ്പമുള്ളവര്‍ അയാളെ പാച്ചുവെന്ന് വിളിക്കും. പ്രായം 34 ആയെങ്കിലും കല്യാണം കഴിഞ്ഞിട്ടില്ല, മുപ്പതിലേറെ പെണ്ണുകാണലുകള്‍ ഇതിനകം നടത്തി കഴിഞ്ഞു. ഒരിക്കല്‍ നാട്ടിലെത്തി തിരികെ പോകേണ്ട സാഹചര്യത്തില്‍ അയാളുടെ ജീവിതത്തിലേക്ക് ചിലരെത്തുകയാണ്. അവരുടെയെല്ലാം മനസ് തൊട്ടറിയുന്നതോടെ ശേഷം പാച്ചുവും പ്രേക്ഷകരും അത്ഭുതങ്ങള്‍ ദര്‍ശിക്കുകയാണ്.

ചിത്രത്തിന്റെ രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ സത്യന്‍ തന്നെയാണ്. തികച്ചും സ്വാഭാവികമായി മുന്നോട്ടു പോകാവുന്ന ഓരോ സന്ദര്‍ഭങ്ങളെയും ലളിത സുന്ദരമായ നര്‍മ മുഹൂര്‍ത്തങ്ങളിലൂടെ അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യ പകുതിയില്‍ നര്‍മ്മരസത്തെ മുറുകെ പിടിക്കുമ്പോള്‍ വൈകാരിക അനുഭവങ്ങളിലൂടെ രണ്ടാം പകുതിയില്‍ ഹൃദയത്തെ സ്പര്‍ശിക്കാനും ഉള്ളുതൊടുന്നൊരു സന്ദേശം നല്‍കാനും ചിത്രത്തിനു കഴിയുന്നുണ്ട്.

പാച്ചുവായെത്തിയിരിക്കുന്ന ഫഹദാണ് സിനിമയുടെ ആത്മാവ്. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായി ഫഹദ് ഓരോ നിമിഷവും പൊട്ടിച്ചിരിപ്പിക്കും. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജന ജയപ്രകാശ്, ലൈല ഉമ്മച്ചിയായെത്തിയ വിജി വെങ്കടേഷ്, നിധിയായെത്തിയ ധ്വനി രാജേഷ് തുടങ്ങിയവരും മികച്ച അഭിനയമുഹൂര്‍ത്തങ്ങളാണ് നല്‍കിയത്. മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം തുടങ്ങി ഒരുപിടി താരങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന പ്രകടനമാണ്.

മുംബൈയിലും കേരളത്തിലും ഗോവയിലുമായി നടക്കുന്ന സിനിമയില്‍ ശരണ്‍ വേലായുധന്‍ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഹൃദയം കീഴടക്കുന്നതാണ്. സിനിമയെ വൈകാരികമായി മുന്നോട്ടു കൊണ്ടു പോകുന്നതില്‍ ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതവും പ്രധാന പങ്കുവിച്ചിട്ടുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുടുംബസമേതം കാണാനായുള്ളൊരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറാണ് പാച്ചുവും അത്ഭുതവിളക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!