പരപ്പനങ്ങാടി ; മഴക്കാലം വന്നതോടെ പരപ്പനങ്ങാടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിനുള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിച്ച കാലം മുതലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ നാളിതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ആയിരക്കണക്കിന് ആളുകളാണ് ദിവസേനെ ഇതു വഴി കടന്നുപോകുന്നത്. അണ്ടര്‍ പാസില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കേബിളുകള്‍ കൊണ്ടുപോകാന്‍ ഇതിനുള്ളില്‍ നിര്‍മിച്ചിട്ടുള്ള ഒരു മീറ്റര്‍ പോലും വീതിയില്ലാത്ത കെട്ടിന് മുകളിലൂടെ ഏറെ പ്രയാസപ്പെട്ടാണ് കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്നത്. കറണ്ടില്ലാത്ത സമയത്ത് കൂരാകൂരിരുട്ടാണ് ഇതിനുള്ളില്‍. ഇത് സ്ത്രീയാത്രക്കാരെയും കുട്ടികളേയും ഏറെ ബുദ്ധിമുട്ടാക്കുന്നു. കൂടാതെ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കൊതുക് വളരുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും, പകര്‍ച്ചവ്യാധികള്‍ പടരുന്നതനും ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
പരപ്പനങ്ങാടിയില്‍ റെയില്‍വേ മേല്‍പ്പാലം വന്നതോടെ ആളുകള്‍ ഇവിടെ റെയില്‍ മുറിച്ചുകടക്കുന്നത് പതിവാകുകയും, നിരവധി പേര്‍ ട്രെയിനിടിച്ച് ജീവന്‍നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് അണ്ടര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നത്.
വെള്ളം ഒഴിവാക്കാനായി നഗരസഭ മോട്ടോര്‍ വെച്ച് പമ്പ് ചെയ്ത് നീക്കുന്ന ഒരു താല്‍ക്കാലിക സംവിധാനം ഇപ്പോള്‍ ഇവിടെ നടക്കുന്നുണ്ട്. ഇത് യഥാര്‍ത്ഥ പരിഹാരമാര്‍ഗമല്ല.
അശാസ്ത്രീയമായ ഡ്രൈനേജ് സിസ്റ്റമാണ് ഈ ദുരിതത്തിന് കാരണമെന്നാണ് നിര്‍മാണ വിദഗ്ദ്ധര്‍ പറയുന്നത്. അണ്ടര്‍ബ്രിഡ്ജിന്റെ മേല്‍ക്കൂരയില്‍ നിന്നും മഴക്കാലം കഴിഞ്ഞാല്‍ പോലും വെള്ളം ലീക്ക് ചെയ്യുകയാണ്. ഇതിനും പരിഹാരമുണ്ടാകണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വിഷയം റെയില്‍വേയുടെ മുന്നിലെത്തിച്ച് പ്രാദേശിക ഭരണകൂടം പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍




