പരപ്പനങ്ങാടി ടൗണില്‍ സര്‍വ്വേ പൂര്‍ത്തിയായി; കയ്യേറ്റങ്ങള്‍ ഉണ്ടെന്ന് ജില്ലാ സര്‍വേയര്‍

 പരപ്പനങ്ങാടി:ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പരപ്പനങ്ങാടി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ ഇന്ന് പൂര്‍ത്തിയായി. നിരവധി ഇടങ്ങളില്‍ കയ്യേറ്റങ്ങള്‍ ഉള്ളതായും സര്‍വേ ടീം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പരപ്പനങ്ങാടി ടൗണ്‍ മുതല്‍ അഞ്ചപ്പുര വരെയുള്ള 400 മീറ്റര്‍ വരുന്ന ഭാഗത്ത് കയ്യേറ്റം ഒഴുപ്പിച്ചതിന് ശേഷമെ റോഡുപണി തുടങ്ങാവുവെന്ന് ആവശ്യപ്പെട്ട് സിപിഎം നവീകരണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സര്‍വകക്ഷി തീരുമാനപ്രകാരം കലക്ടര്‍ പുതിയ സര്‍വേ ടീമിമെ നിയോഗിക്കുകയായിരുന്നു. നിരവധി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതിനാല്‍ സര്‍വേ ഏറെ പ്രയാസകരമായിരുന്നു. പത്തുദിവസത്തിലധികമെടുത്താണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയായത്.

സര്‍വേയില്‍ നിലവിലെ റോഡിന്റെ ഇരുവശത്തുമായി കയ്യേറ്റങ്ങളുണ്ടെന്ന് കണ്ടെത്തിയ 42 ഓളം കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ടിടങ്ങളില്‍ ലാന്റ് എന്‍ക്രോച്ച്‌മെന്റ് ഉള്ളതായും സര്‍വേ ടീം കണ്ടെത്തി.

നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഇല്ലാത്ത ഇടങ്ങളില്‍ ഭൂമി അക്വിസിഷന്‍ ചെയ്യാനും ധാരണയുണ്ട്. ഇവിടെ പൊളിച്ചുമാറ്റലടക്കമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റോഡുപണി ഉടന്‍പൂര്‍ത്തിയാക്കാനുമാണ് തീരുമാനം.

ഇന്നു നടന്ന സര്‍വേയ്ക്ക് ജില്ലാ സര്‍വേയര്‍ ദാമോദരന്‍, കെ പി ശശികുമാര്‍, റിയാസ് ഖാന്‍, അജയന്‍, അബ്ദുള്ള ഷമാസ്, പിഡബ്ല്യുഡി അസി.എഞ്ചിനിയര്‍ അബ്ദുള്ള, ഓവര്‍സിയര്‍ ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles