പരപ്പനങ്ങാടിയിലെ റോഡിന്റെ ശോച്യാവസ്ഥ;ഉദ്യോഗസ്ഥരെ തെരുവില്‍ തടയുമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ റോഡില്‍ തടയുമെന്ന് വ്യാപാരികള്‍.

പരപ്പനങ്ങാടി നഗരത്തിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ നഗരത്തില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയും പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് കടകള്‍ അടച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ചപ്പുര വ്യാപാരി ഭവനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കോര്‍ട്ട് റോഡില്‍ പോലീസ് തടഞ്ഞു.

നാടുകാണി പരപ്പനങ്ങാടി റോഡുപണി എട്ടുമാസത്തോളമായി ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയതോടെ നഗരത്തില്‍ പൊടിശല്ല്യം രൂക്ഷമായിരിക്കുകയാണ്. ഇതോടെ വ്യാപാരികളുടെ കച്ചവടം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണെന്നും പലര്‍ക്കും ഇത് ആരോഗ്യ പ്രശ്‌നത്തിന് ഇടവരുത്തിയിരിക്കുകയാണെന്നും വ്യാപാരികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ധര്‍ണ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഹാജി ഉദ്ഘാടനം ചെയ്തു, എ വി വിനോദ്, എം വി മുഹമ്മദലി, ഗഫൂര്‍ കുഞ്ഞാവാസ്, മുനീര്‍ സ്റ്റാര്‍
, ജഗന്നിവാസന്‍, മാനുഹാജി, പി ഒ സലാം, ഹരീഷ് കെ പി തുടങ്ങിയവര്‍ സംസാരിച്ചു.

പരപ്പനങ്ങാടിയിലെ റോഡിന്റെ ശോച്യാവസ്ഥ;വ്യാപരികള്‍ ഒക്ടോബര്‍ 3 ന് ഹര്‍ത്താല്‍ ആചരിക്കുന്നു

Related Articles