പരപ്പനങ്ങാടി റോഡിന്റെ ശോച്യാവസ്ഥ;വ്യാപാരികള്‍ ഒക്ടോബര്‍ 3ന് ഹര്‍ത്താല്‍ ആചരിക്കുന്നു

എംഎല്‍എയ്ക്കും നഗരസഭയ്ക്കും അനങ്ങാപ്പാറ നയമെന്ന് ആക്ഷേപം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരത്തിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ ഒക്ടോബര്‍ മൂന്നിന് ബുധനാഴ്ച  പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ കടകള്‍ അടയ്ക്കുകയും പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാടുകാണി പരപ്പനങ്ങാടി റോഡുപണി എട്ടുമാസത്തോളമായി ഇഴഞ്ഞുനീങ്ങുന്നതോടെ പരപ്പനങ്ങാടി നഗരത്തില്‍ പൊടിശല്ല്യം വര്‍ധിച്ചത് വ്യാപാര സ്ഥാപനങ്ങളെ സാരമായി ബാധിച്ചിരിക്കുകയും കച്ചവടം നാലിലൊന്നായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു. റോഡ് നവീകരണത്തിന് റെയില്‍വേസ്റ്റേഷന്‍ മുതല്‍ അഞ്ചപ്പുര വരെയുള്ള 400 മീറ്റര്‍ ദൂരത്തില്‍ ഭൂമി ഏറ്റെടുക്കന്നതിനായുള്ള അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പണി തടസപ്പെടാന്‍ കാരണം. ഇതോടെ ഇവിടെ റോഡ് പൂര്‍ണമായും തകരുകയും പൊടിശല്ല്യം വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. ഇവിടെ റോഡിന് ഇരുവശവും കയ്യേറ്റമുണ്ടെങ്കില്‍ അവ ഒഴുപ്പിച്ച് റോഡ് വികസിപ്പിക്കണമെന്നാണ് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ വികസനത്തിന് എതിരെല്ലെന്നും ഭൂമി കണ്ടെത്തേണ്ടത് അധികാരികളാണെന്നും അവര്‍ ഇതുവരെ കെട്ടിട ഉടമകള്‍ക്കോ വ്യാപാരികള്‍ക്കോ നോട്ടീസുപോലും നല്‍കിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എയെ നിരവധി തവണ സമീപിച്ചിട്ടും കാര്യമുണ്ടായില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. നഗരസഭിയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് തീരുമാനം എടുത്തെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ അവരില്‍ നിന്ന് ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ പി. മുഹമ്മദ് അഷറഫ്, വിനോദ് കുമാര്‍, മുഹമ്മദ് അലി, പി ഒ അന്‍വര്‍, ജഗന്നിവാസന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles