ബാലഭാസ്‌ക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌ക്കര്‍(40)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച അദേഹം പൂര്‍ണമായും ബോധം വീണ്ടെടുത്തെങ്കിലും പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്.

സെപ്തംബര്‍ 25 ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം സംഭവിച്ചത്. ഏകമകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഡ്രൈവര്‍ അര്‍ജുനും ചികിത്സയിലാണ്.

മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചബാലഭാസ്‌ക്കര്‍ 17ാം വയസിലാണ് മംഗല്യപല്ലക് എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധാനായത്. 12ാം വയസിലാണ് ബാലഭാസ്‌ക്കര്‍ സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയത്.

1978 ജൂലൈ പത്തിന് കെസി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ് ജനനം. ഗായകന്‍ , സംഗീതസംവിധായകന്‍, വയലിനിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ബാലഭാസ്‌ക്കര്‍ ഫ്യൂഷന്‍, കര്‍ണാടക സംഗീത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു. മൂന്നാം വയസിലാണ് അമ്മാവന്‍ ബി ശശികുമാറില്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ ബാലപാഠം അഭ്യസിച്ച് തുടങ്ങിയത്. നിനക്കായ്, ആദ്യമായ് തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്‍, മേളവിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ശിവമണി,ഹരിഹരന്‍, പാശ്ചത്യ സംഗീതജ്ഞന്‍ ലൂയി ബാങ്ക് എന്നിവര്‍ക്കൊപ്പം ചോര്‍ന്ന് നടത്തി ജുഗല്‍ബന്ദിയിലൂടെ ഏറെ അദേഹം ഏറെ ശ്രദ്ധേയനായി.

തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ്, യൂണിവേഴ്‌സ്റ്റി കോളേജ് എന്നിവിടങ്ങളിലാണ് വിദ്യഭ്യാസം. സഹോദരി മീര.

Related Articles