പരപ്പനങ്ങാടിയില്‍ കയ്യേറ്റനിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുന്നില്ല; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു

പരപ്പനങ്ങാടി: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ മൃദുസമീപനം കാണിക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരപ്പനങ്ങാടിയില്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു. പരപ്പനങ്ങാടി നഗരത്തിലെ റോഡ് വികസനത്തിന്റെ ഭാഗമായി സര്‍വേ നടത്തിക്കണ്ടെത്തിയ സ്ഥലത്തെ കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഏറ്റെടുക്കുന്നതില്‍ പിഡബ്ല്യുഡി അധികൃതര്‍ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചത്.

കയ്യേറ്റസ്ഥലത്തെ നിര്‍മാണ പ്രവൃത്തികള്‍ ഒഴിപ്പിക്കുന്നതിന് രണ്ട് തവണ നോട്ടീസ് നല്‍കിയതൊഴിച്ച് യാതൊരു തുടര്‍നടപടികളും അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ സ്വീകരിക്കുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം. ഉപരോധ സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജനുവരി 21 ാം തിയ്യതിക്കുള്ളില്‍ എല്ലാ കയ്യേറ്റങ്ങളും പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് എ.ഇ.ഇയില്‍ നിന്ന് രേഖാമൂലം തീരുമാനം സമരക്കാര്‍ എഴുതിവാങ്ങിച്ചു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പരിഞ്ഞുപോയത്.

സമരത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ബൈജു,അമല്‍,ജിസ്‌ന, ശ്രുതി,റിയാസ്,ജിത്തുവിജയ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles