പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഇന്റര്‍സിറ്റി, വെസ്റ്റ്‌കോസ്റ്റ് ട്രെയിനുകളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം. ഇത് യാത്രക്കാരെ സാരമായി ബാധിക്കും. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റിയും, മംഗളൂരു – ചെന്നൈ വെസ്റ്റ്‌കോസ്റ്റ് ട്രെയിനുമാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ പരപ്പനങ്ങാടിയില്‍ നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ടും ട്രെയിനുകള്‍ക്കും ഇവിടെ നിന്നും ധാരാളം യാത്രക്കാരുമുണ്ട്.
രാവിലെ 10.10 ന് എറണാകുളത്തു നിന്നും കണ്ണൂരിലേക്കുള്ള ഇന്റര്‍സിറ്റി പരപ്പനങ്ങാടിയിലെത്തും. തിരച്ചു പോകുമ്പോള്‍ വൈകീട്ട് 4.40 നും. അതേസമയം കോഴിക്കോട് ഭാഗത്തേക്കും, എറണാകുളം ഭാഗത്തേക്കുമുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്രയിക്കാവുന്ന ട്രെയിനാണിത്. മംഗളൂരു നിന്നും ചെന്നൈയിലേക്ക് പോകുന്ന വെസ്റ്റ്‌കോസ്റ്റ് പുലര്‍ച്ചെ 2.35 നാണ് പരപ്പനങ്ങാടിയിലെത്തുന്നത്. തിരിച്ചു വരുമ്പോള്‍ രാത്രി 11.15 നും. കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ക്ക് പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും എത്തുന്നതിന് ഇത് സഹായകമാണ്.
രണ്ട് ട്രെയിനുകളുടെയും സ്റ്റോപ്പ് നിര്‍ത്തുന്നതിനെതിരെ യാത്രക്കാരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.




