Section

malabari-logo-mobile

തദ്ദേശ തെരഞ്ഞടുപ്പ്‌ ചര്‍ച്ചകളിലേക്ക്‌ പരപ്പനങ്ങാടി ; ആരൊക്കെയായിരിക്കും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകുക?

HIGHLIGHTS : പരപ്പനങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‌ കാഹളം മുഴങ്ങുമ്പോള്‍ പരപ്പനങ്ങാടിയില്‍ രാഷ്ട്രീയചര്‍ച്ചകളും കൊഴുക്കുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സജീവ...

representational photo

പരപ്പനങ്ങാടി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‌ കാഹളം മുഴങ്ങുമ്പോള്‍ പരപ്പനങ്ങാടിയില്‍ രാഷ്ട്രീയചര്‍ച്ചകളും കൊഴുക്കുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സജീവത രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക്‌ ചൂടുകൂട്ടുമ്പോള്‍ പരപ്പനങ്ങാടിയില്‍ ഉയര്‍ന്നുവരുന്ന പ്രധാനചര്‍ച്ചകളിലൊന്ന്‌ നഗരസഭയുടെ ചുക്കാന്‍ പിടിക്കാന്‍ ആരെ മുന്‍നിര്‍ത്തിയാകും മുന്നണികള്‍ തേര്‍ തെളിക്കുക എന്നതുതന്നെയാണ്‌.

നഗരസഭ രൂപീകൃതമായതിന്‌ ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ്‌ കഴിഞ്ഞ തവണ നടന്നത്‌. യുഡിഎഫും, ഇടതു-ജനകീയ വികസനമുന്നണി സഖ്യവും തമ്മിലാണ്‌ പ്രധാന മത്സരം നടന്നത്‌. ശക്തമായ മത്സരത്തിനൊടുവില്‍ അന്തിമ ഫലം വന്നപ്പോള്‍ ആകെയുള്ള 45 സീറ്റില്‍ യുഡിഎഫ്‌ 20 സീറ്റും, ഇടതു ജനകീയമുന്നണി 19 സീറ്റും, ബിജെപി നാലു സീറ്റും നേടി. മറ്റു രണ്ടിടങ്ങളില്‍ ഒരിടത്ത്‌ ലീഗ്‌ റിബല്‍ സ്ഥാനാര്‍ത്ഥിയും, മറ്റിടത്ത്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. പിന്നീട്‌ ലീഗ്‌ റിബലിനേയും സ്വതന്ത്രനേയും ഒപ്പം നിര്‍ത്തി യുഡിഎഫ്‌ ഭരണത്തിലേറുകയായിരുന്നു. കേവലഭൂരിപക്ഷമില്ലാതെയായിരുന്നു തുടക്കമെങ്ങിലും പിന്നീട്‌ ജനകീയ മുന്നണിയുടെ ഭാഗമായി മത്സരിച്ച മൂന്ന്‌ പേര്‍ അവസാന വര്‍ഷങ്ങളില്‍ യുഡിഎഫിലേക്ക്‌ ചേക്കേറുകയായിരുന്നു.

sameeksha-malabarinews

ഇതിന്‌ ശേഷം നടന്ന നിയമസഭാ തെരഞ്ഞുടപ്പിലും, ലോക്‌സഭാ തെരഞ്ഞടുപ്പിലും വ്യത്യസ്‌തമായ വോട്ടിങ്ങ്‌ പാറ്റേണാണ്‌ പരപ്പനങ്ങാടിയില്‍ കണ്ടത്‌. നിയമസഭയിലേക്ക്‌ ഇടതുപക്ഷം മുന്നിലെത്തിയപ്പോള്‍, ലോകസഭയിലേക്ക്‌ യുഡിഎഫ്‌ തങ്ങളുടെ ലീഡ്‌ തിരിച്ചുപിടിച്ചു.

ഇത്തരത്തില്‍ ഇരുവിഭാഗത്തേക്കും വോട്ടുകള്‍ വീഴാനുള്ള സാധ്യത തന്നെയാണ്‌ ഈ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടിയിലെ ഇരുമുന്നണികളേയും മുള്‍മുനയില്‍ നിര്‍ത്തുന്നത്‌. ഇരുപക്ഷവും വളരെ കരുതലോടെയാണ്‌ നീങ്ങുന്നത്‌ ‌. എന്നാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ ചര്‍ച്ച നടക്കുന്നത്‌ ആരൊക്ക സ്ഥാനാര്‍ത്ഥിയാകും, ആരായിരിക്കും ചെയര്‍മാന്‍ എന്നൊക്കയാണ്‌.

നിലവില്‍ ഭരണകക്ഷിയായ യുഡിഎഫില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരായില്‍ പ്രമുഖന്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു മുസ്ലീലീഗ്‌ നേതാവ്‌ ഉമ്മര്‍ ഒട്ടുമ്മലാണ്‌. തീരദേശമേഖലയില്‍ നിന്നും ഉള്ള നേതാവായ അദ്ദേഹം ഗ്രാമപഞ്ചായത്തായിരുന്ന സമയത്ത്‌ ഒരു തവണ പ്രസിഡന്റ് സ്ഥാനവും , ഒരു തവണ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനവും വഹിച്ചിട്ടുണ്ട്‌. കഴിഞ്ഞ തവണ മത്സരരംഗത്തുണ്ടായിരുന്നില്ല.

യുഡിഎഫില്‍ നിന്നും ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ സാധ്യതയുള്ള മറ്റൊരു മുസ്ലീംലീഗ്‌ നേതാവ്‌ സി. അബ്ദുറഹ്മാന്‍ കുട്ടിയാണ്‌. ഇദ്ദേഹം രണ്ട്‌ തവണ പഞ്ചായത്ത്‌ അംഗമായിട്ടുണ്ട്‌. ഒരു തവണ ബ്ലോക്ക്‌ അംഗവും. ഇദ്ദേഹത്തിന്റെ മേഖലയായ പാലത്തിങ്ങലില്‍ യുഡിഎഫിനും മുസ്ലീംലീഗിനും നിര്‍ണ്ണായക സ്വാധീനമുള്ള ഡിവിഷനുകളാണ്‌ എന്നതും പരിഗണനാ വിഷയമായേക്കുമെന്ന്‌ സൂചനയുണ്ട്‌, യുഡിഎഫ്‌ ഭരണകാലത്തെ ഹൈക്കോടതി ഗവ. പ്ലീഡറായ അഡ്വ. കെകെ സൈതലവിയും സാധ്യതാ പട്ടികയിലുണ്ട്‌.

ഇടത്‌-ജനകീയമുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ഏറെ സാധ്യത കല്‍പ്പിക്കുന്നത്‌ സിഡ്‌കോ ചെയര്‍മാന്‍ കൂടിയായ ജനകീയമുന്നണി കണ്‍വീനര്‍ നിയാസ്‌ പുളിക്കലകത്തിനാണ്‌. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ നിന്നും നിലവിലെ എംഎല്‍എ ആയ അബ്ദുറബ്ബിനേക്കാള്‍ 3000ത്തിലധികം വോട്ടിന്റെ ലീഡ്‌ നിയാസിന്‌ ലഭിച്ചിരുന്നു. ഇത്‌ ഒരു പ്ലസ്‌ പോയന്റായി ഇടതു-ജനകീയമുന്നണി സഖ്യം കാണുന്നു.
പ്രാദേശിക തെരഞ്ഞെടുപ്പുകളെ ജനങ്ങള്‍ പൂരങ്ങളെപ്പോലയാണ്‌ വരവേല്‍ക്കാറ്‌ . ഇത്തവണ ഒരു കാര്യം ഉറപ്പാണെന്ന്‌ നാട്ടുകാര്‍ പറയുന്നു വെടിക്കട്ട്‌ കഴിയുമ്പോഴെ ഏത്‌ ദേശക്കാരാണ്‌ ജയിച്ചതെന്ന്‌ പറയാനാകു എന്ന്‌……നമുക്കും കാത്തിരിക്കാം… കണക്കുകള്‍ കൂട്ടിയും കിഴിച്ചും……

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!